സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന മലയാള ചലച്ചിത്രമാണ് കിരീടം. മോഹന്‍ലാല്‍, തിലകന്‍, കവിയൂര്‍ പൊന്നമ്മ എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിലെത്തിയത്. സിനിമയുടെ ഷൂട്ടിങ് വേളയിലുണ്ടായിരുന്ന ബുദ്ധിമുട്ടുകളെ പറ്റി പറയുകയാണ് നിര്‍മാതാവ് ഉണ്ണി. തിലകന്‍ ആ സമയം രണ്ട് സിനിമകള്‍ കൂടി ചെയ്യുന്നുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ സമയത്തിനനുസരിച്ചാണ് ഷൂട്ട് നടത്തിയതെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി പറഞ്ഞു.
‘ഒരു ഘട്ടത്തില്‍ കിരീടം മാറ്റിവെക്കണോയെന്ന് പോലും ഞാന്‍ ചിന്തിച്ചു. കാരണം തിലകന്‍ ചേട്ടന്‍ ചാണക്യനിലും വര്‍ണം എന്ന ചിത്രത്തിലും അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ഒരേസമയം രണ്ട് സിനിമ ചെയ്യുന്നതുകൊണ്ട് ഈ സിനിമ ചെയ്യാന്‍ പറ്റുന്നില്ല. അപ്പോഴാണ് ലാലിന്റെ ഡേറ്റ് വരുന്നത്. ഞാന്‍ തിലകന്‍ ചേട്ടനോട് സംസാരിച്ചു. തിലകന്‍ ചേട്ടന്‍ ഈ സിനിമ ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ തല്‍ക്കാലം നമുക്ക് ഈ സിനിമ നിര്‍ത്താം, എന്നിട്ട് ലാലിന്റെ ഡേറ്റ് വരുന്നൊരു ദിവസം പിന്നീട് ചെയ്യാമെന്ന് പറഞ്ഞു.
എന്തായാലും ഒന്ന് നോക്കൂ. ഞാന്‍ ഉണ്ണിയെ അറിയിക്കാമെന്ന് തിലകന്‍ ചേട്ടന്‍ പറഞ്ഞു. പക്ഷേ നിങ്ങള്‍ ഷൂട്ട് ചെയ്യണമെങ്കില്‍ എന്റെ സമയത്തിന് ഷൂട്ട് ചെയ്യണം കാരണം ഞാന്‍ രണ്ട് ചിത്രങ്ങള്‍ക്കിടയില്‍ അഡ്ജസ്റ്റ് ചെയ്ത് വരണം, എന്റെ സമയം നിങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ അതില്‍ ഫ്രീ ആവുന്ന സമയം മാത്രമേ തരാന്‍ പറ്റുകയുള്ളൂ എന്ന് തിലകന്‍ ചേട്ടന്‍ പറഞ്ഞു.
ശരി ചേട്ടാ, അങ്ങനെയാണെങ്കില്‍ ചെയ്യാമെന്ന് പറഞ്ഞു. പാലക്കാടാണ് ലൊക്കേഷന്‍ നോക്കിയത്. തിലകന്‍ ചേട്ടന്റെ ഡേറ്റ് ഇഷ്യു വന്നത് കൊണ്ടാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. അവിടേക്ക് വന്നപ്പോള്‍ തന്നെ സിനിമയുടെ ടോട്ടല്‍ കളര്‍ മാറി. പാലക്കാട് കണ്ടതിനെക്കാളും മനോഹരമായ ലൊക്കേഷനുകള്‍ തിരുവനന്തപുരത്ത് കണ്ടു.
ആറ് മണിക്ക് ഷോട്ട് വെച്ചാല്‍ എല്ലാവരും ആറ് മണിക്ക് എത്തും. അതിനിടക്കുള്ള ബുദ്ധിമുട്ട് തിലകന്‍ ചേട്ടന്‍ ഇല്ലാത്തതാണ്. തിലകന്‍ ചേട്ടന്‍ ഒമ്പതുമണിക്ക് എത്തുമെന്ന് പറഞ്ഞാല്‍ അതിന് മുമ്പുള്ള സീന്‍സ് തീര്‍ത്ത് വെക്കണം. അദ്ദേഹത്തിന്റെ സമയം അത്രമാത്രം വിലപ്പെട്ടതാണ്. ലാല്‍ ഞങ്ങളുടെ സെറ്റില്‍ ഉണ്ട്. അതുകൊണ്ട് കോമ്പിനേഷന്‍ സീന്‍ എടുത്തുവെക്കാന്‍ ബുദ്ധിമുട്ടില്ല. അങ്ങനെയുള്ള സീനുകള്‍ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറ്റിവെച്ച് ലൊക്കേഷനൊന്നും വലിയ ഷിഫ്റ്റ് ഇല്ലാത്ത രീതിയില്‍ ചെയ്തു,’ ഉണ്ണി പറഞ്ഞു.