| Monday, 24th October 2022, 1:35 pm

ജോര്‍ജ് മാത്രമല്ലെടാ, ഞങ്ങള്‍ക്ക് വേറെയുമുണ്ടെടാ പയ്യന്മാര്‍; കയ്യടി നേടി ജബ്‌ലയിലെ ജെറിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓരോ പ്രാവശ്യവും നല്ല ഫ്രഷ് കണ്ടന്റുകള്‍ നല്‍കുന്ന മലയാളികളുടെ സ്വന്തം ടീമാണ് കരിക്ക്. ഓരോ വീഡിയോയിലും ഓരോ താരങ്ങളുടെയും പ്രകടനം എടുത്ത് പറയേണ്ടവിധം മികച്ചുനില്‍ക്കാറുമുണ്ട്.

ഏറ്റവുമൊടുവില്‍ കരിക്ക് ഫ്‌ളിക്കില്‍ റിലീസ് ചെയ്ത ‘ജബ്‌ല’ എന്ന സീരീസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സീരീസിലെ ജെറിന്‍ എന്ന കേന്ദ്ര കഥാപാത്രമായുള്ള കിരണിന്റെ പ്രകടനമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും കയ്യടി നേടുന്നത്.

ഇതുവരെ കരിക്കിന്റെ വീഡിയോകളില്‍ കോമഡി വേഷങ്ങളില്‍ മാത്രം എത്തിയിട്ടുള്ള കിരണിന്റെ തീര്‍ത്തും വ്യത്യസ്തമായ പ്രകടനമാണ് ജബ്‌ലയില്‍ കാണാനാവുക.

താന്‍ സ്‌നേഹിച്ച വ്യക്തിക്കൊപ്പം വീടുവിട്ട് ഇറങ്ങിപ്പോയ സഹോദരി പിന്നീട് പ്രസവശേഷം കുഞ്ഞുമായി തിരിച്ച് വീട്ടിലേക്ക് വരുമ്പോള്‍ സഹോദരന്റെ മനസിലൂടെ കടന്നുപോകുന്ന ചിന്തകളും മാനസിക പ്രയാസങ്ങളും പുതിയ സാഹചര്യത്തെ ഉള്‍ക്കൊള്ളുന്നതിലുള്ള ബുദ്ധിമുട്ടുകളുമെല്ലാം ജെറിനായി ജീവിച്ചുകൊണ്ട് കിരണ്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.

ഒപ്പം ജോലി ചെയ്യുന്നവരും സുഹൃത്തുക്കളുമായ ആളുകളുടെ സംസാരത്തില്‍ വീണുപോകുന്ന, അവരാല്‍ എളുപ്പത്തില്‍ മാനിപ്പുലേറ്റ് ചെയ്യപ്പെടുന്ന ഒരു ചെറുപ്പക്കാരനായി കിരണ്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ജെറിനും ഇളയ സഹോദരനും തമ്മിലുള്ള കെമിസ്ട്രിയും ജബ്‌ലയില്‍ വളരെ മനോഹരമായി വര്‍ക്കൗട്ടായിട്ടുണ്ട്.

അമ്മ, അച്ഛന്‍, സഹോദരി എന്നിവരുമായുള്ള ജെറിന്റെ ഇമോഷണല്‍ കണക്ഷനുകളും സീരീസില്‍ കൃത്യമായി വരച്ചിടുന്നുണ്ട്.

നേരത്തെ ‘സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച’ എന്ന സീരീസിലെ ടൈറ്റില്‍ കഥാപാത്രമായുള്ള അനു കെ. അനിയന്റെ പ്രകടനവും ഏറെ കയ്യടി നേടിയിരുന്നു. കരിക്കില്‍ ഇതുവരെ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയ നടന്മാരിലൊരാള്‍ കൂടിയാണ് അനു കെ. അനിയന്‍ എന്ന ജോര്‍ജ്. സീരിസിലെ സെബാസ്റ്റ്യനായുള്ള നമ്മുടെ ജോര്‍ജിന്റെ പെര്‍ഫോമന്‍സ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

എന്നാല്‍ അനു മാത്രമല്ല കരിക്കിലെ കിരണും കിടിലനാണ് എന്ന തരത്തിലുള്ള കമന്റുകളാണ് ജബ്‌ലയിലെ ജെറിനെ പുകഴ്ത്തിക്കൊണ്ട് സോഷ്യല്‍ മീഡിയില്‍ വരുന്നത്.

അഞ്ച് എപ്പിസോഡുകളായാണ് ജബ്‌ല പുറത്തിറക്കിയിരിക്കുന്നത്. ബേസില്‍ ഘര്‍ഷോം കഥയും സംവിധാനവും നിര്‍വഹിക്കുന്ന ജബ്ലയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് സാഞ്ചോ ജോസഫാണ്.

അജിത്ത് വിഷ്ണു ക്യാമറയും അജാസ് പുക്കാടന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ചാള്‍സ് നസ്രത്താണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.

Content Highlight:Kiran Viyyath performance in Karikku series Jabla gets appreciation

We use cookies to give you the best possible experience. Learn more