| Tuesday, 6th February 2024, 8:09 pm

'സ്ത്രീവിരുദ്ധതക്കെതിരെയാണ് ഞാന്‍ സംസാരിച്ചത്, സന്ദീപിന്റെ സിനിമകള്‍ ഞാന്‍ കണ്ടിട്ടില്ല'; വിവാദത്തില്‍ പ്രതികരിച്ച് കിരണ്‍ റാവു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലഗാന്‍ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ചയാളാണ് കിരണ്‍ റാവു. 2011ല്‍ ദോബി ഘട്ട് എന്ന സിനിമ സംവിധാനം ചെയ്യുകയും
ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എട്ട് സിനിമകള്‍ നിര്‍മിക്കുകയും ചെയ്തു. ബോളിവുഡ് താരം ആമിര്‍ ഖാന്റെ മുന്‍ ഭാര്യ കൂടിയാണ് കിരണ്‍ റാവു. കിരണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലാപതാ ലേഡീസ്. എന്നാല്‍ ഇപ്പോള്‍ സംവിധായകന്‍ സന്ദീപ് വാംഗാ റെഡ്ഡിയുമായുള്ള വിവാദത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് കിരണ്‍. ദൈനിക് ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തിലാണ് സന്ദീപ് റെഡ്ഡി കിരണിനെ വിമര്‍ശിച്ചത്.

‘ഒരു സൂപ്പര്‍സ്റ്റാരിന്റെ മുന്‍ ഭാര്യ അവരുടെ ഇന്റര്‍വ്യൂകളില്‍ പറയുകയാണ്, ബാഹുബലിയും കബീര്‍ സിങും സ്ത്രീവിരുദ്ധതയെ പ്രൊമോട്ട് ചെയ്യുകയാണ്, സ്‌റ്റോക്കിങ്ങിനെ വെള്ളപൂശുകയാണ് എന്നൊക്കെ. കബീര്‍ സിങ്ങിലും അര്‍ജുന്‍ റെഡ്ഡിയിലും ഒരു പയ്യന്‍ അവന് പ്രേമം തോന്നുന്ന പെണ്‍കുട്ടിയെ പ്രൊപ്പോസ് ചെയ്യുകയാമ്. പിന്നാലെ നടക്കാതെ എങ്ങനെ പ്രൊപ്പോസ് ചെയ്യും? ഇങ്ങനത്തെ വലിയ വലിയ കാര്യങ്ങള്‍ എന്തിനാണ് പറയുന്നത്?

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ, എന്റെ സിനിമക്കെതിരായി ഒരു ഗ്രൂപ്പ് സംസാരിക്കുന്നുണ്ട്. അതേ ഗ്രൂപ്പ് അവരുടെ സിനിമകളിലേക്ക് ശ്രദ്ധ കൊടുക്കില്ല. ദില്‍ എന്ന സിനിമയില്‍ ഒരു സ്ത്രീ കഥാപാത്രത്തിനെ ഗാനരംഗത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നയാളാണ് അതിലെ നായകന്‍ ആമിര്‍ ഖാന്‍. അപ്പോള്‍ അയാളെയല്ലേ ആദ്യം ഉപദേശിക്കേണ്ടത്?’ സന്ദീപ് പറഞ്ഞു.

സന്ദീപ് റെഡ്ഡിയുടെ ഈ പ്രസ്താവനക്കെതിരെയാണ്് കിരണ്‍, ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്

‘സന്ദീപ് വാംഗാ റെഡ്ഡിയുടെ സിനിമകളെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. കാരണം, ഞാന്‍ അയാളുടെ സിനിമകള്‍ കണ്ടിട്ടില്ല. സ്ത്രീവിരുദ്ധതയെപ്പറ്റിയും സിനിമകളില്‍ സ്ത്രീ പ്രാതിനിധ്യത്തെപ്പറ്റിയുമാണ് ഞാന്‍ എപ്പോഴും സംസാരിക്കാറുള്ളത്. പല പ്ലാറ്റ്‌ഫോമുകളിലെ പല ഇന്റര്‍വ്യൂകളിലും ഞാന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരിക്കലും ഒരു സിനിമയെയും പേരെടുത്ത് പറഞ്ഞിട്ടില്ല. കാരണം ഒരിക്കലും ആ സിനിമകളല്ല പ്രശ്‌നം. ആ സിനിമയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് പ്രശ്‌നം. അതിനെക്കുറിച്ചാണ് ഞാന്‍ സംസാരിക്കാറുള്ളത്.

എന്തുകൊണ്ടാണ് സന്ദീപ് റെഡ്ഡി, അയാളുടെ സിനിമയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞതെന്ന അനുമാനത്തിലെത്തിയതെന്ന് എനിക്ക് അറിയില്ല. അയാളോട് തന്നെ അതു ചോദിക്കേണ്ടി വരും. ആമിറിനെപ്പറ്റി അയാള്‍ പറഞ്ഞതിനുള്ള മറുപടി എന്താണെന്നു വെച്ചാല്‍, സന്ദീപ് റെഡ്ഡി മെന്‍ഷന്‍ ചെയ്ത ഗാനരംഗത്തില്‍ അഭിനയിച്ചതിന് ക്ഷമ ചോദിച്ച ആളാണ് ആമിര്‍. മുമ്പ് ചെയ്ത സിനിമകളിലെ മോശം കാര്യങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്ന ചുരുക്കം വ്യക്തികളില്‍ ഒരാളാണ് ആമിര്‍,’ കിരണ്‍ പറഞ്ഞു.

Content Highlight: Kiran Rao reacts to the statement of Sandeep Vanga Reddy against Aamir Khan

Latest Stories

We use cookies to give you the best possible experience. Learn more