| Friday, 27th September 2024, 9:02 am

ഫൈറ്റിന്റെ ടൈമിങ് തെറ്റിയപ്പോള്‍ ലാല്‍ സാര്‍ ജീവയോട് ദേഷ്യപ്പെട്ടു, പുള്ളിയെ അതിന് മുമ്പ് അങ്ങനെ കണ്ടിട്ടില്ലായിരുന്നു: കിരണ്‍ രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വില്ലന്‍ വേഷങ്ങളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് കിരണ്‍ രാജ്. തസ്‌കരവീരന്‍ എന്ന ചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ച കിരണ്‍ രാജമാണിക്യം, രാഷ്ട്രം, കീര്‍ത്തിചക്ര, ബാബാ കല്യാണി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായി.

കരിയറില്‍ കൂടുതലും വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ള കിരണ്‍ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മേജര്‍ രവി സംവിധാനം ചെയ്ത് മോഹന്‍ലാലും ജീവയും പ്രധാനവേഷത്തിലെത്തിയ കീര്‍ത്തിചക്രയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കിരണ്‍.

ചിത്രത്തിന്റെ ഷൂട്ട് കശ്മീരിലായിരുന്നെന്നും താനും മോഹന്‍ലാലും തമ്മിലുള്ള ഫൈറ്റ് സീന്‍ ഹൗസ് ബോട്ടില്‍ വെച്ചായിരുന്നു ഷൂട്ട് ചെയ്യാന്‍ ആദ്യം ഉദ്ദേശിച്ചതെന്നും കിരണ്‍ പറഞ്ഞു. എന്നാല്‍ അതിനുള്ള പെര്‍മിഷന്‍ കിട്ടാത്തതിനാല്‍ ഹൗസ് ബോട്ടിന്റെ സെറ്റിട്ട് ആ ഫൈറ്റ് ചിത്രീകരിച്ചെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനൊപ്പം ജീവയും ആ ഫൈറ്റ് സീനില്‍ ഉണ്ടായിരുന്നെന്ന് കിരണ്‍ പറഞ്ഞു.

താന്‍ മോഹന്‍ലാലിന്റെ ക്യാരക്ടറിനെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ഡയലോഗ് പറയുമ്പോള്‍ ജീവ തന്നെ ചവിട്ടുന്ന സീനാണ് എടുക്കാന്‍ പ്ലാന്‍ ചെയ്തതെന്ന് കിരണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജീവയുടെ ടൈമിങ് തെറ്റിയതിനാല്‍ തനിക്ക് ശരിക്ക് ചവിട്ട് കിട്ടിയെന്നും നിലത്ത് വീണ് കുറച്ച് നേരം ബ്ലാങ്കായിപ്പോയെന്നും കിരണ്‍ പറഞ്ഞു. മോഹന്‍ലാല്‍ ഇത് കണ്ട് ജീവയോട് കുറേ ദേഷ്യപ്പെട്ടെന്നും ആ ഫൈറ്റ് മുഴുവന്‍ ഷൂട്ട് ചെയ്ത ശേഷം താന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കീര്‍ത്തിചക്രയുടെ ഷൂട്ട് മുഴുവന്‍ കശ്മീരിലായിരുന്നു. അതില്‍ എനിക്ക് ചെറിയൊരു വേഷമായിരുന്നു. ഞാനും ലാല്‍ സാറും തമ്മില്‍ ചെറിയൊരു ഫൈറ്റ് സീനുണ്ടായിരുന്നു. ഹൗസ് ബോട്ടില്‍ വെച്ച് എടുക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചത്. പക്ഷേ, പെര്‍മിഷന്‍ കിട്ടാത്തതുകൊണ്ട് സെറ്റിട്ട് എടുക്കേണ്ടി വന്നു. ആ ഫൈറ്റില്‍ എന്റെ ക്യാരക്ടര്‍ ലാല്‍ സാറിനെ പ്രകോപിപ്പിക്കുന്ന സീനുണ്ട്. ആ സമയത്ത് ജീവയുടെ ക്യാരക്ടര്‍ എന്നെ ചവിട്ടുന്നുണ്ട്.

ജീവയുടെ ടൈമിങ് തെറ്റി ആ ചവിട്ട് എനിക്ക് ശരിക്ക് കൊണ്ടു. ഞാന്‍ നിലത്ത് വീണ് കുറച്ചുനേരത്തേക്ക് ബ്ലാങ്കായി. ഒന്നും അറിയാതെ ബോധമില്ലാതെ മൂന്നുനാല് മിനിറ്റ് കിടന്നു. എണീറ്റ് നോക്കുമ്പോള്‍ ലാല്‍ സാര്‍ ജീവയോട് ദേഷ്യപ്പെടുകയാണ്. ‘എന്തെങ്കിലും പറ്റിയാല്‍ എന്ത് ചെയ്‌തേനെ?’ എന്നൊക്കെ പുള്ളി ചോദിച്ചു. അതിന് മുമ്പ് ഞാന്‍ ലാല്‍ സാറിനെ അങ്ങനെ കണ്ടിട്ടില്ലായിരുന്നു. ആ ഫൈറ്റ് ഞാന്‍ ഡ്യൂപ്പില്ലാതെയാണ് ചെയ്തത്. ഷൂട്ട് കഴിഞ്ഞ് രണ്ട് ദിവസം ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നു,’ കിരണ്‍ രാജ് പറഞ്ഞു.

Content Highlight: Kiran Raj about Kerthichakra movie  and Mohanlal, Jeeva

Latest Stories

We use cookies to give you the best possible experience. Learn more