| Monday, 6th March 2023, 3:30 pm

ബാറ്റില്‍ ധോണിയുടെ പേരെഴുതി ക്രീസിലേക്ക്, പിന്നാലെ സൂപ്പര്‍ താരത്തിന്റെ സൂപ്പര്‍ വെടിക്കെട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

‘ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിച്ചത് എം.എസ്. ധോണിയെ പോലെ സിക്‌സറുകള്‍ പായിക്കാന്‍ വേണ്ടിയായിരുന്നു. എന്റെ ജീവിതം തന്നെ മാറ്റിമറിച്ചത് ലോകകപ്പ് ഫൈനലിലെ ആ സിക്‌സറായിരുന്നു,’ എന്ന് മഹാരാഷ്ട്രയിലെ കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന കിരണ്‍ നവ്ഗിരെ മുമ്പ് പറഞ്ഞത് വെറുതെയായിരുന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു നവി മുംബൈയിലെ അവളുടെ ഇന്നിങ്‌സ്.

ധോണി സിക്‌സറടിക്കുന്നത് കണ്ട് ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ച നവ്ഗിരെയെ ഇന്ത്യയുടെ ഏറ്റവും സക്‌സസ്ഫുള്ളായ ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ എത്രത്തോളം സ്വാധീനിച്ചിരുന്നു എന്ന് ഡബ്ല്യൂ.പി.എല്ലില്‍ താരം കയ്യിലെടുത്ത ബാറ്റ് വ്യക്തമാക്കുന്നതായിരുന്നു.

സ്‌പോണ്‍സര്‍മാരോ സ്റ്റിക്കറുകളോ ഇല്ലാത്ത ആ പ്ലെയിന്‍ ബാറ്റില്‍ കറുത്ത സ്‌കെച്ച് പേന കൊണ്ട് അവള്‍ ഒരു പേര് എഴുതിയിട്ടിരുന്നു ‘MSD 07’. ആ മനുഷ്യന്‍ അവള്‍ക്ക് നല്‍കിയ ആത്മവിശ്വാസത്തിലായിരുന്നു ഗുജറാത്ത് ജയന്റ്‌സിനെതിരെ നവ്ഗിരെ റണ്ണുകള്‍ അടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം ഡബ്ല്യൂ.പി.എല്ലില്‍ നടന്ന മത്സരത്തില്‍ 43 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ നവ്ഗിരെ അടിച്ചെടുത്തത് 53 റണ്‍സാണ്. യു.പി വാറിയേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായതും നവ്ഗിരെയുടെ ഇന്നിങ്‌സായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഗുജറാത്ത് ജയന്റ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടിയിരുന്നു. സൂപ്പര്‍ താരം ഹര്‍ലീന്‍ ഡിയോളിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ജയന്റ്‌സിന് തുണയായത്. 32 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയുള്‍പ്പെടെ 46 റണ്‍സാണ് ഡിയോള്‍ നേടിയത്.

ഡിയോളിന് പുറമെ എസ്. മേഘനയും ആഷ്‌ലീഗ് ഗാര്‍ഡനറും ഡി. ഹേമലതയും തങ്ങളുടേതായ സംഭാവനകള്‍ ടീം ടോട്ടലിലേക്ക് നല്‍കിയതോടെ ജയന്റ്‌സ് മികച്ച സ്‌കോറിലേക്കുയര്‍ന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വാറിയേഴ്‌സിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ക്യാപ്റ്റന്‍ അലീസ ഹെയ്‌ലിയുടെയും ശ്വേതാ ഷെരാവത്തിന്റെയും താലിയ മഗ്രാത്തിന്റെയും വിക്കറ്റുകള്‍ വാറിയേഴ്‌സിന് നഷ്ടമായി.

എന്നാല്‍ വണ്‍ ഡൗണായി ഇറങ്ങിയ നവ്ഗിരെ ജയന്റ്‌സ് ബൗളര്‍മാരെ അടിച്ചൊതുക്കി. ആറാമതായി ക്രീസിലെത്തിയ ഗ്രേസ് ഹാരിസും വെടിക്കെട്ടിന് തിരികൊളുത്തിയതോടെ വാറിയേഴ്‌സ് ജയത്തിലേക്ക് അടുത്തു.

അവസാന ഓവറില്‍ വാറിയേഴ്‌സിന് ജയിക്കാന്‍ 19 വേണമെന്നിരിക്കെ 24 റണ്‍സ് നേടി ഗ്രേസ് വാറിയേഴ്‌സിനെ വിജയത്തിലേക്കെത്തിച്ചു. 26 പന്തില്‍ നിന്നും പുറത്താവാതെ 59 റണ്‍സാണ് താരം നേടിയത്.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് യു.പി വാറിയേഴ്‌സിന്റെ അടുത്ത മത്സരം. തങ്ങളുടെ ആദ്യ മത്സരം ജയിച്ചാണ് ഇരുടീമുകളും നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലേക്കിറങ്ങുന്നത്.

Content highlight: Kiran Navgire writes MS Dhoni’s name on her bat

We use cookies to give you the best possible experience. Learn more