ധോണിയുടെ ആ സിക്‌സര്‍ പിറവി നല്‍കിയത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആന്ദ്രേ റസലിന്
IPL
ധോണിയുടെ ആ സിക്‌സര്‍ പിറവി നല്‍കിയത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആന്ദ്രേ റസലിന്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th May 2022, 5:35 pm

‘ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിച്ചത് എം.എസ്. ധോണിയെപ്പോലെ സിക്‌സറുകള്‍ പായിക്കാന്‍ വേണ്ടിയായിരുന്നു. എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് ലോകകപ്പ് ഫൈനലിലെ ധോണിയുടെ ആ സിക്‌സറായിരുന്നു,’

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ മുഴുവന്‍ ആനന്ദത്തിലാറാടിച്ച ധോണിയുടെ ആ സിക്‌സര്‍ വിത്തുപാകിയത് വിമന്‍സ് ക്രിക്കറ്റിലേക്ക് കിരണ്‍ നാവ്ഗിരെ എന്ന ഇന്ത്യന്‍ വനിതാ ആന്ദ്രേ റസലിന്റെ കടന്നുവരവിനായിരുന്നോ എന്നാണ് കാലം ഇനി തെളിയിക്കേണ്ടത്.

പൂനെയില്‍ നിന്നും 200 കിലോമീറ്ററളോളം അകലെ സോലാപൂരിലെ മീരെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കാണുകപോലും ചെയ്യാതിരിക്കെകിരണിന്റെ അത്‌ലറ്റിക്‌സ് അഭിനിവേശം ആരംഭിക്കുന്നത് ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ എന്നീ ഇനങ്ങളോടെയായിരുന്നു.

ജാവലിന്‍ ത്രോയില്‍ നാഷണല്‍ ലെവല്‍ ഗോള്‍ഡ് മെഡല്‍ നേടിയ കിരണ്‍ 2011 ലോകകപ്പിലെ ധോണിയുടെ സിക്‌സര്‍ കണ്ട് ആവേശഭരിതയായാണ് ക്രിക്കറ്റ് ട്രയല്‍സില്‍ പങ്കെടുക്കുന്നത്.

ആദ്യകാലങ്ങളില്‍ യൂണിവേഴ്‌സിറ്റി ലെവലില്‍ 8-9 സ്ഥാനങ്ങളില്‍ മാത്രം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്ന കിരണിനെ പ്രോത്സാഹിപ്പിക്കാന്‍ നല്ലൊരു കോച്ച് ഉണ്ടായിരുന്നില്ല.

2017ല്‍ പൂനെയില്‍ എത്തിയതോടെയാണ് വിമന്‍സ് ക്രിക്കറ്റിന്റെ പ്രാധാന്യത്തെപ്പറ്റി ആ പെണ്‍കുട്ടി മനസ്സിലാക്കുന്നത്. 23ാം വയസ്സില്‍ ലോക്കല്‍ ടൂര്‍ണ്ണമെന്റുകള്‍ കളിച്ചു നടന്ന കിരണിന്റെ ഹിറ്റിംഗ് എബിലിറ്റി തിരിച്ചറിഞ്ഞ അസം ക്യാമ്പസിലെ സ്‌പോര്‍ട്ട്‌സ് ഡയറക്ടര്‍ ഗുല്‍സാര്‍ ഷെയ്ഖാണ് അവളുടെ കരിയര്‍ വഴി തിരിച്ചുവിടുന്നത്.

പിന്നീട് മഹാരാഷ്ട്ര സ്റ്റേറ്റ് ടീമിലേക്ക് സെലക്ഷന്‍ ട്രയല്‍സില്‍ ഉള്‍പ്പെട്ടെങ്കിലും ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

എല്ലാ വര്‍ഷവും ഇന്ത്യയില്‍ നടക്കുന്ന സീനിയര്‍ വിമന്‍സ് ടി-20 ലീഗില്‍ നാഗാലാന്‍ഡിന് വേണ്ടി ഗസ്റ്റ് കളിക്കാരിയായി 2022ല്‍ അരങ്ങേറിയതോടെയാണ് കിരണിന്റെ കരിയര്‍ വേഗത്തില്‍ മറിഞ്ഞത്.

സീനിയര്‍ ടി-20 ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ (35 എണ്ണം), കൂടുതല്‍ ഫോര്‍ (54 എണ്ണം), സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍സ് (525) ഇതെല്ലാം കിരണിന്റെ പേരില്‍ തന്നെയാണ്.

അതില്‍ അരുണാചലിനെതിരെ വെറും 76 പന്തില്‍ നിന്നും കിരണ്‍ നേടിയത് 162 റണ്‍സായിരുന്നു. നവ്ഗിരെ നേടിയ 162, ഇന്ത്യന്‍ വിമന്‍സ് ടി-20 യിലെ ആദ്യ 150+ സ്‌കോര്‍ കൂടിയായിരുന്നു അത്.

ഇന്നിപ്പോള്‍ വിമന്‍സ് ഐ.പി.എല്ലില്‍ വെലോസിറ്റിക്ക് വേണ്ടി അരങ്ങേറിയ ആദ്യ കളിയിലെ ആദ്യ പന്ത് 80 മീറ്റര്‍ സിക്‌സിന് പറത്തിക്കൊണ്ട് കിരണ്‍ നവ്ഗിരെ ഇന്ത്യന്‍ വിമന്‍സ് ക്രിക്കറ്റില്‍ വിരളമായ പവര്‍ ഹിറ്റിംഗിന്റെ ഒരു മെഗാ വേര്‍ഷനാണ് പ്രദര്‍ശിപ്പിച്ചത്.

150+ സ്‌ട്രൈക്ക് റേറ്റ് തന്നെ ഇന്ത്യന്‍ വിമന്‍സ് ക്രിക്കറ്റില്‍ അത്യപൂര്‍വമായിരിക്കെ 34 പന്തില്‍ 203 സ്‌ട്രൈക്ക് റേറ്റില്‍ 5 സിക്‌സിന്റെ അകമ്പടിയോടെ 69 റണ്‍സ് നേടി കിരണ്‍ ഇന്ത്യന്‍ വിമന്‍സ് ടീമിന്റെ ഫിനിഷിങ് പൊസിഷനിലേക്ക് അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്.

ഷെഫാലി വര്‍മ്മ തുടക്കമിടുന്ന വെടിക്കെട്ടിന് കിരണ്‍ നവ്ഗിരെയുടെ കൊട്ടിക്കലാശത്തോടെ വിമന്‍സ് ടി-20 യില്‍ ഒരു പുതിയ ഇന്ത്യന്‍ യുഗം ഇവിടെ ആരംഭിക്കട്ടെ.

 

ഷെമിന്‍ അബ്ദുള്‍മജീദ്‌

 

Content Highlight: Kiran Navgire, Rise of New Hard Hitting Sensation From Women’s IPL