കൊച്ചി: കൊല്ലത്തെ സ്ത്രീധനപീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതില്‍ കേസിലെ പ്രതിയായ കിരണ്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
കേസിലെ ഭൂരിഭാഗം സാക്ഷികളും വിസ്മയയുടെ ബന്ധുക്കളാണെന്നും തന്റെ ഭാഗം കേട്ടില്ലെന്നും ആരോപിച്ചാണ് കിരണ്‍ കുമാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
തന്റെ വാദം തെളിയിക്കാന്‍ അവസരം ലഭിച്ചില്ലെന്നും താനും വിസ്മയയും തമ്മിലുള്ള അടുപ്പം തെളിയിക്കുന്നതാണ് മൊബൈല്‍ ഫോണിലെ ഫോട്ടോകളും വീഡിയോകളുമെന്നും അപ്പീലില്‍ പറയുന്നു.
പൊലീസ് ഫോട്ടോയും വീഡിയോയുമെല്ലാം കണ്ടെങ്കിലും തന്നെ പ്രതിയാക്കാനുള്ള വ്യഗ്രതയില്‍ ബോധപൂര്‍വം അവഗണിച്ചു. ടിക്ടോക്കില്‍ സജീവമായിരുന്ന താന്‍ അറിയപ്പെടുന്ന ആളായതിനാല്‍ മാധ്യമവിചാരണയ്ക്ക് ഇരയായെന്നും മുമ്പ് ഒരു കേസിലും പ്രതിയായിട്ടില്ലെന്നും അപ്പീലില്‍ പറയുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്ത തനിക്ക് നിലവില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും വിചാരണ തീരുവോളം ജയിലില്‍ കഴിയേണ്ടതില്ലെന്നും അപ്പീലില്‍ പറയുന്നുണ്ട്.
സംഭവത്തില്‍ അറസ്റ്റിലായതോടെ കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു കിരണ്‍ കുമാര്‍.
കിരണ്‍ കുമാറിന് ഇനി സര്‍ക്കാര്‍ ജോലിയോ പെന്‍ഷനോ ലഭിക്കില്ല. സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് സംസ്ഥാനത്ത് ആദ്യമായിട്ടാണ്.
ജൂണ്‍ 21നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാരില്‍ നിന്ന് സ്ത്രീധനം എന്ന പേരില്‍ കിരണ്‍ കുമാര്‍ വാങ്ങിയിരുന്നു.
എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്.
കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സി.സിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.
ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റിരുന്നതായി വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Kiran Kumar Filed a petition in Supreme Court