നാസ സൂര്യന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്തു, അത് ഓം എന്നാണ്; വ്യാജ വീഡിയോ ഷെയര്‍ ചെയ്ത് കിരണ്‍ ബേദി; ട്രോളി സോഷ്യല്‍ മീഡിയ 
India
നാസ സൂര്യന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്തു, അത് ഓം എന്നാണ്; വ്യാജ വീഡിയോ ഷെയര്‍ ചെയ്ത് കിരണ്‍ ബേദി; ട്രോളി സോഷ്യല്‍ മീഡിയ 
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th January 2020, 12:37 pm

പുതുച്ചേരി: നാസ സൂര്യന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്‌തെന്നും അത് ഓം എന്നാണെന്നും പറയുന്ന വ്യാജ വീഡിയോ ഷെയര്‍ ചെയ്ത് പുതുച്ചേരി ഗവര്‍ണറും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ കിരണ്‍ ബേദി.

നാസയുടെ കണ്ടുപിടുത്തമെന്ന പേരിലായിരുന്നു കിരണ്‍ ബേദിയുടെ ട്വീറ്റ്.
കഴിഞ്ഞ ഒരു വര്‍ഷമായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോ ആയ സൂര്യന്റെ ഓം കാര ശബ്ദമായിരുന്നു ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ കിരണ്‍ ബേദി ട്വീറ്റ് ചെയ്തത്.

നാസ തന്നെ നേരത്തെ സോളാര്‍ ശബ്ദം റെക്കോര്‍ഡ് ചെയ്തത് പുറത്തുവിട്ടിരുന്നു. ഒരൊറ്റ ഗൂഗിള്‍ സര്‍ച്ചില്‍ അത് ലഭ്യമാകുമെന്നിരിക്കെയാണ് വ്യാജ വീഡിയോയുമായുള്ള കിരണ്‍ ബേദിയുടെ ട്വീറ്റ്.

നിരവധി പേരാണ് കിരണ്‍ ബേദിയുടെ ട്വീറ്റിനെ ട്രോളി രംഗത്തെത്തി. ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്ന താങ്കളെപ്പോലുള്ളവര്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഒരു തവണയെങ്കിലും അതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോയെന്ന് പരിശോധിക്കേണ്ടതല്ലേയെന്നാണ് പലരും ചോദിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സൂര്യന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്‌തെടുത്ത നാസയ്ക്ക് നന്ദിയെന്നും ഞങ്ങളുടെ ഐ.എസ്.ആര്‍.ഒ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് അറിയില്ലെന്നുമായിരുന്നു ട്വിറ്ററില്‍ മറ്റൊരാളുടെ പരിഹാസം.
നാസ പുറത്തുവിട്ട യഥാര്‍ത്ഥ വീഡിയോ കിരണ്‍ ബേദിക്കായി പങ്കുവെച്ചാണ് ചിലര്‍ ട്വീറ്റുമായി എത്തിയത്.

”സൂര്യന്‍ വരെ ഹിന്ദു സംസ്‌ക്കാരം പിന്തുടരുന്നു.. അതില്‍ നമുക്ക് അഭിമാനിക്കാം. മറ്റെല്ലാം സംസ്‌ക്കാരങ്ങളും ഇതിന് മുന്‍പില്‍ നമസ്‌ക്കരിക്കട്ടെ. പക്ഷേ മാഡം താങ്കള്‍ സൂര്യന്‍ ജയ് ശ്രീരാം വിളിക്കുന്നത് കേട്ടില്ലെന്നത് ഉറപ്പല്ലേ”- എന്നായിരുന്നു രോഹിത് തയ്യില്‍ എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചത്.

”കിരണ്‍ ബേദി…ഇപ്പൊഴത്തെ പുതുച്ചേരി ഗവര്‍ണറാണ്. മുന്‍ ഐ.പി.എസ് ഓഫീസറാണ്..ഉന്നത വിദ്യാഭ്യാസമുണ്ട്….നിയമത്തില്‍ ബിരുദവും ഐ. ഐ.ടിയില്‍ നിന്ന് പി എച്ച് ഡിയും അടക്കം ബിരുദങ്ങള്‍ കയ്യിലുണ്ട്..പക്ഷേ പറഞ്ഞിട്ടെന്താ കാര്യം?നാസ സൂര്യന്റെ ശബ്ദം റെക്കോഡ് ചെയ്തു. അത് ഓം എന്നാണെന്ന വീഡീയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഒരു കാര്യം പറയാന്‍ വിട്ടുപോയി. ആള് ബി.ജെ.പിയാണ്”- ഡോ. നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

”ആഹാഹാ..
ആദ്യ ലേഡി IPS….ടെന്നീസ് പ്ലേയര്‍…..സോഷ്യല്‍ ആക്ടിവിസ്റ്റ്…..ലെഫ്റ്റനന്റ് ഗവര്‍ണര്‍.. ഇപ്പോള്‍ ഇതാ വാട്ട്‌സപ്പ് ഫാക്ടറി പ്രചാരക മറ്റൊരു എക്‌സ് DGP ?? കിരണ്‍ ബേദി..
കുറ്റം പറയരുത്, നാസയുടെ കണ്ടുപിടുത്തമാണു ഷെയര്‍ ചെയ്തിരിക്കുന്നത്,,BC 600ല്‍ സൂര്യനിലെ ഓം എന്ന ശബ്ദം ഇവിടുത്തെ ‘ഹിന്ദു’ക്കള്‍ കേട്ടിരുന്നത്രെ”- അനില്‍ ശ്രീ ഫേസ്ബുക്കില്‍ കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”കിരണ്‍ ബേദി – ഒരു മുന്‍ ഐ പി എസ് ഓഫീസറും ഇപ്പോള്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഗവര്‍ണ്ണറുമായ വനിത. റോഡില്‍ നഗ്നരായി ഓടുന്ന അക്ഷരാഭ്യാസമില്ലാത്ത ഭക്തരില്‍ പെട്ടവരല്ല എന്ന് വ്യക്തം..!

ഒരു കാലത്ത് ഇന്ത്യ മുഴുവന്‍ ആരാധകര്‍ ഉണ്ടായിരുന്ന വ്യക്തിത്വം. അവരുടെ ഒരു ട്വീറ്റ് ആണ് ഇത്.. വിദ്യാഭ്യാസവും വിവരവും ഉള്ള ഒരു ഐ പി എസ് ഓഫീസര്‍, BJP യില്‍ ചേര്‍ന്നാല്‍, അന്ധഭക്തയായാല്‍ ഇതാണ് പരിണാമം…

Note: സൂര്യന്‍ ഇനി എന്തെങ്കിലും മന്ത്രിക്കുന്നുണ്ട് എങ്കില്‍, അത് ‘അല്ലാഹു അക്ബര്‍’ എന്നായിരിക്കാനെ സാധ്യതയുള്ളൂ എന്ന് വിശ്വസിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതല്ല ഈ പോസ്റ്റ് എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു… ”- എന്നായിരുന്നു എം.പി സിദ്ദിഖ് എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.