ഭരണപ്രതിസന്ധിക്കിടെ പുതുച്ചേരി ലഫ്റ്റനന്റ് സ്ഥാനത്ത് നിന്ന് കിരണ്‍ ബേദിയെ മാറ്റി; തെലങ്കാന ഗവര്‍ണര്‍ക്ക് താല്‍ക്കാലിക ചുമതല
national news
ഭരണപ്രതിസന്ധിക്കിടെ പുതുച്ചേരി ലഫ്റ്റനന്റ് സ്ഥാനത്ത് നിന്ന് കിരണ്‍ ബേദിയെ മാറ്റി; തെലങ്കാന ഗവര്‍ണര്‍ക്ക് താല്‍ക്കാലിക ചുമതല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th February 2021, 9:48 pm

മാഹി: പുതുച്ചേരി ലഫ്റ്റനന്റ് സ്ഥാനത്ത് നിന്ന് കിരണ്‍ ബേദിയെ മാറ്റി. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജനാണ് താല്‍ക്കാലിക ചുമതല.

രാഷ്ട്രപതി ഭവന്റേതാണ് നടപടി. തമിഴ്‌നാട് ബി.ജെ.പി ഘടകത്തിന്റെ മുന്‍ അധ്യക്ഷനായിരുന്നു സൗന്ദര്‍രാജന്‍.

നേരത്തെ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരുന്നു. തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെയാണ് രണ്ട് ദിവസത്തിനുള്ളില്‍ നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെച്ച പുതുച്ചേരി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്.

ബുധനാഴ്ച കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ രാഹുല്‍ ഗാന്ധി എത്തുന്നതിന്റെ മുന്നൊരുക്കങ്ങള്‍ നടക്കവെയാണ് നാലാമത് ഒരു എം.എല്‍.എ കൂടി രാജിവെച്ചു എന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനെ തേടിയെത്തിയത്.

ഒരു ദിവസത്തെ പ്രചരണ പരിപാടിക്കായിരുന്നു രാഹുല്‍ പുതുച്ചേരിയിലെത്താനിരുന്നത്. പുതുച്ചേരി, തമിഴ്നാട് എന്നവിടങ്ങളിലായി നാല് ദിവസത്തെ പ്രചരണ പരിപാടിയായിരുന്നു ആസൂത്രണം ചെയ്തിരുന്നത്.

പുതുച്ചേരി കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ പേജുകളിലെല്ലം രാഹുല്‍ ഗാന്ധിയുടെ പ്രചരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നിറയുന്നതിടെയാണ് നാലാമത്തെ എം.എല്‍.എയും രാജിവെച്ചു എന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്.

മുപ്പതംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 15 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. രണ്ട് ഡി.എം.കെ അംഗങ്ങളുടെ പിന്തുണയോടു കൂടിയാണ് കോണ്‍ഗ്രസ് പുതുച്ചേരിയില്‍ അധികാരത്തിലെത്തിയത്.

നാലാമതൊരു എം.എല്‍.എ കൂടി രാജിവെച്ചതിന് പിന്നാലെയാണ് വി.നാരായണന്‍ സ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്. എം.എല്‍.എയുടെ രാജിക്ക് പിന്നാലെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kiran Bedi Removed as Puducherry Lt Governor after Months of Tussle with CM Narayanasamy