| Thursday, 15th January 2015, 4:04 pm

കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി:   മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി  ബി.ജെ.പിയില്‍ ചേര്‍ന്നു. ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബേദി ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നത്. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലി, ഹര്‍ഷ വര്‍ധന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കിരണ്‍ ബേദിയുടെ ബി.ജെ.പി പ്രവേശം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വമാണ് തന്നെ ബി.ജെ.പിയിലേക്ക് ആകര്‍ഷിച്ചതെന്നും കഴിഞ്ഞ 40 വര്‍ഷത്തെ ഭരണ പരിചയം ദല്‍ഹിക്ക് പ്രയോജനകരമാകുന്ന തരത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കിരണ്‍ ബേദി പറഞ്ഞു. നേരത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ നിലവില്‍ വന്ന സമയത്ത് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന മട്ടില്‍ സര്‍ക്കാരിന് അനുകൂലമായ പ്രസ്താവനയുമായി ബേദി രംഗത്ത് വന്നിരുന്നു.

ന്യൂദല്‍ഹി മണ്ഡലത്തില്‍ കെജ്‌രിവാളിനെതിരെ ബേദി മത്സരിച്ചേക്കുമെന്ന സൂചനകളുണ്ട്. ഇതിന് മുമ്പ് അരവിന്ദ് കെജ്‌രിവാളിനൊപ്പം ജന്‍ലോക്പാല്‍ ബില്ലിനായി ടീം അണ്ണയില്‍ പ്രവര്‍ത്തിച്ചിരുന്ന ബേദി കെജ്‌രിവാള്‍ ആം ആദ്മി രൂപീകരിച്ചതിന് ശേഷം അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.

അതേ സമയം ന്യൂദല്‍ഹി മണ്ഡലത്തില്‍ കെജ്‌രിവാളിനെതിരെ ബി.ജെ.പി രംഗത്തിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മുന്‍ എ.എ.പി അംഗം മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പാര്‍ട്ടിയുമായി ഷാസിയ ഇല്‍മി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് സൂചന.

ഇത് കൂടാതെ മുന്‍ ബോളിവുഡ് നടിയും നേരത്തെ സമാജ്‌വാദി പാര്‍ട്ടിയുടെ എം.പിയായുമായിരുന്ന ജയപ്രദ ബി.ജെ.പിയില്‍ ചേരുമെന്ന സംശയങ്ങളും ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് ബി.ജെ.പിയുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ് ജയപ്രദ. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എല്‍.ഡിക്ക് വേണ്ടി മത്സരിച്ച് തോറ്റതിന് ശേഷമാണ് പുതിയ മോഹങ്ങളുമായി ബി.ജെ.പിയിലേക്ക് അടുക്കാന്‍ ശ്രമിക്കുന്നത്. പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നിലവില്‍  ചര്‍ച്ചകള്‍ നടത്തി വരികയാണ് ജയപ്രദ.

We use cookies to give you the best possible experience. Learn more