| Tuesday, 30th April 2019, 12:55 pm

കേന്ദ്രം നിര്‍ദേശം തള്ളി മദ്രാസ് ഹൈക്കോടതി: പുതുച്ചേരി സര്‍ക്കാറിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ ബേദിക്ക് അധികാരമില്ലെന്ന് വിധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് തിരിച്ചടി. പുതുച്ചേരി സര്‍ക്കാറിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ കിരണ്‍ബേദിക്ക് അധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

പുതുച്ചേരി സര്‍ക്കാറിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ കിരണ്‍ ബേദിക്ക് കേന്ദ്രം നല്‍കിയ അധികാരം ബെഞ്ച് ഇല്ലാതാക്കി. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതുച്ചേരിയിലെ കോണ്‍ഗ്രസ് എം.എല്‍.എ ലക്ഷ്മിനാരായണന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ഉത്തരവ്. 2017ലാണ് ലക്ഷ്മിനാരായണന്‍ റിട്ട് ഹര്‍ജി നല്‍കിയത്.

കൗണ്‍സില്‍ മന്ത്രിമാര്‍ ഉണ്ടായിരിക്കെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ദൈനംദിന ഭരണകാര്യങ്ങളില്‍ ഇടപെടുന്നതിനെതിരെയായിരുന്നു അദ്ദേഹം കോടതിയെ സമീപിച്ചത്. എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കിരണ്‍ബേദി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

വിധിയോട് കിരണ്‍ ബേദി ഇതുവരെ പ്രതികരിച്ചിട്ടില്ല. തനിക്കെതിരായ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ജനുവരി ആദ്യം കിരണ്‍ ബേദി പറഞ്ഞിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സഞ്ജയ് ദത്ത് ഉന്നയിച്ച ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ കിരണ്‍ബേദി ശ്രമിക്കുന്നെന്നായിരുന്നു ദത്ത് ആരോപിച്ചത്.

We use cookies to give you the best possible experience. Learn more