ലീഗ് വണ്ണിൽ മികവോടെ കളിച്ച് മുന്നേറുന്ന ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിക്ക് ഇത്തവണയും ചാമ്പ്യൻസ് ലീഗിൽ തോറ്റ് പുറത്താകാനാണ് വിധി. 3-0 എന്ന സ്കോറിനാണ് ഇരു പാദ മത്സരത്തിൽ പി.എസ്.ജി ജർമൻ വമ്പൻമാരായ ബയേണിനോട് തോൽവി വഴങ്ങിയത്.
എന്നാലിപ്പോൾ ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ എംബാപ്പെയെ സമർത്ഥമായി തടഞ്ഞതിനെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബയേൺ താരവും ഫ്രഞ്ച് ടീമിൽ എംബാപ്പെയുടെ സഹ കളിക്കാരനുമായ കിങ്സ്ലി കോമാൻ.
മത്സരത്തിൽ എംബാപ്പെയെ പൂട്ടാൻ തങ്ങൾക്ക് വ്യക്തമായ പദ്ധതികൾ ഉണ്ടായിരുന്നെന്നും മെസിയുമായി ബന്ധപ്പെടുത്തിയുള്ള പ്ലാനാണ് എംബാപ്പെയെ തടയാൻ തങ്ങൾ ആസൂത്രണം ചെയ്തതെന്നുമാണ് കോമാൻ വെളിപ്പെടുത്തിയിരിക്കുന്നത്.
ടെലിഫൂട്ടിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശങ്ങൾ.
“മത്സരത്തിൽ ഞങ്ങൾക്ക് വ്യക്തമായൊരു ആന്റി-എംബാപ്പെ പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ അത് അത്ര വലിയ പദ്ധതിയൊന്നുമായിരുന്നില്ല. എംബാപ്പെയും മെസിയുമായുള്ള ലിങ്ക് കട്ട് ചെയ്യുക എന്ന പദ്ധതിയാണ് മൈതാനത്ത് ഞങ്ങൾ നടപ്പിലാക്കിയത്,’ കോമാൻ പറഞ്ഞു.
പേരുകേട്ട താരങ്ങൾ ഉണ്ടായിട്ടും ഇരു പാദങ്ങളിലുമായി ഒരു ഗോൾ പോലും ബയേണിനെതിരെ സ്കോർ ചെയ്യാൻ പി. എസ്.ജിക്ക് സാധിച്ചില്ല.
അതേസമയം ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായെങ്കിലും ലീഗിൽ ഗംഭീര പ്രകടനം കാഴ്ചവെക്കാൻ പാരിസ് ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.
ബ്രെസ്റ്റ് എഫ്.സിക്കെതിരെ നടന്ന മത്സരത്തിൽ അവസാന നിമിഷം മെസിയുടെ അസിസ്റ്റിൽ എംബാപ്പെക്ക് വിജയ ഗോൾ സ്വന്തമാക്കാൻ സാധിച്ചതോടെയാണ് പി.എസ്.ജിയുടെ ലീഗിലെ ഒന്നാം സ്ഥാനം കൂടുതൽ സുരക്ഷിതമായിട്ടുണ്ട്.
ലീഗ് വണ്ണിൽ നിലവിൽ 27 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റുകളോടെ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
മാർച്ച് 19ന് റെന്നെസിനെതിരെയാണ് ഫ്രഞ്ച് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights: Kingsley Coman xplain bayern’s anti mbapppe plan in champions league