'മഴയ്ക്കും തടയാനായില്ല'; കൊല്‍ക്കത്തയെ 9 വിക്കറ്റിനു തകര്‍ത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ്; രാഹുലിനും ഗെയ്‌ലിനും അര്‍ദ്ധസെഞ്ച്വറി
ipl 2018
'മഴയ്ക്കും തടയാനായില്ല'; കൊല്‍ക്കത്തയെ 9 വിക്കറ്റിനു തകര്‍ത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ്; രാഹുലിനും ഗെയ്‌ലിനും അര്‍ദ്ധസെഞ്ച്വറി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st April 2018, 8:50 pm

കൊല്‍ക്കത്ത: ആളിക്കത്തിയ ക്രിസ് ഗെയ്‌ലിനെയും കെ.എല്‍ രാഹുലിനെയും അണയ്ക്കാന്‍ ഈഡന്‍ ഗാര്‍ഡനില്‍ പെയ്തിറങ്ങിയ മഴയ്ക്കും കഴിഞ്ഞില്ല. മഴ തടസപ്പെടുത്തിയ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് 9 വിക്കറ്റിനാണ് തകര്‍ത്തത്. അര്‍ദ്ധസെഞ്ച്വറിയുമായി ഓപ്പണര്‍മാര്‍ അരങ്ങ് വാണപ്പോള്‍ പഞ്ചാബ് 11.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

രാഹുല്‍ 27 പന്തില്‍ 2 സിക്‌സിന്റെയും 9 ഫോറിന്റെയും അകമ്പടിയോടെ 60 റണ്ണെടുത്തപ്പോള്‍ 38 പന്ത് നേരിട്ട ഗെയ്ല്‍ 6 സിക്‌സിന്റെയും 5 ഫോറിന്റെയും പിന്‍ബലത്തില്‍ 62 റണ്‍ നേടുകയായിരുന്നു. വിജയ നിമിഷം ഗെയ്‌ലും 2 പന്തില്‍ 2 റണ്ണേടെ മായങ്ക് അഗര്‍വാളുമായിരുന്നു ക്രീസില്‍.


Also Read: ഈഡന്‍ ഗാര്‍ഡനില്‍ ഗെയ്‌ലിന്റെയും രാഹുലിന്റെയും ‘ഇടിമുഴക്കത്തിനു’ അകമ്പടിയായി മഴ; കൊല്‍ക്കത്ത പഞ്ചാബ് മത്സരം തടസപ്പെട്ടു

നേരത്തെ ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിനു 191 റണ്‍സാണെടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ക്രിസ് ലിന്നിന്റെയും നായകന്‍ ദിനേഷ് കാര്‍ത്തിക്കിന്റെയും ബാറ്റിങ്ങ് മികവാണ് കൊല്‍ക്കത്തയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

ലിന്‍ 41 പന്തില്‍ 4 സിക്‌സിന്റെയും 6 ബൗണ്ടറികളുടെയും പിന്‍ബലത്തില്‍ 74 റണ്‍സെടുത്തപ്പോള്‍ കാര്‍ത്തിക് 28 പന്തില്‍ 43 റണ്‍സാണെടുത്തത്. കൊല്‍ക്കത്തന്‍ നിരയില്‍ ഉപനായകന്‍ റോബിന്‍ ഉത്തപ്പയും മികച്ച പ്രകടനം പുറത്തെടുത്തു. ഉത്തപ്പ 23 പന്തുകളില്‍ നിന്ന് 34 റണ്‍സാണെടുത്തത്. അതേസമയം മത്സരത്തിന്റെ തുടക്കത്തില്‍ കൊല്‍ക്കത്തന്‍ താരം സുനില്‍ നരെയ്‌നെ പുറത്താക്കിയ കരുണ്‍ നായറിന്റെ ക്യാച്ച് ആരാധകരുടെ ഹൃദയം കവരുന്നതായിരുന്നു.