| Monday, 8th April 2019, 11:54 pm

ഒരു പന്ത് ബാക്കിനില്‍ക്കേ പഞ്ചാബിനു ജയം; ലോകേഷ് രാഹുല്‍ വിജയശില്പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൊഹാലി: ഐ.പി.എല്ലില്‍ ആവേശകരമായ മത്സരത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കേ കിങ്‌സ് ഇലവന്‍ പഞ്ചാബിനു ജയം. മൊഹാലിയില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ആറ് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ ജയം.

ഓപ്പണിങ്ങിറങ്ങി കളിയുടെ അവസാന പന്ത് വരെ ക്രീസിലുറച്ചു നിന്ന ലോകേഷ് രാഹുലാണു പഞ്ചാബിന്റെ വിജയശില്പി. 53 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും അടക്കം രാഹുല്‍ 71 റണ്‍സ് നേടി.

അവസാന ഓവറില്‍ ആറു പന്തില്‍ 11 റണ്‍സായിരുന്നു പഞ്ചാബിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്മദ് നബി എറിഞ്ഞ  അവസാന ഓവറിലെ ആദ്യ രണ്ടു പന്തുകളില്‍ രണ്ടു റണ്‍ വീതവും മൂന്നാം പന്തില്‍ ഒരു റണ്ണും സാം കുറന്‍ നേടി.

നാലാം പന്തില്‍ ബൗളര്‍ക്കു മുകളില്‍ക്കൂടി ഫോര്‍ നേടിയ രാഹുല്‍ വിജയം ഏറെക്കുറേ ഉറപ്പിച്ചു. അടുത്ത പന്തില്‍ ലോങ് ഓണിലേക്കടിച്ച പന്തില്‍ രണ്ട് റണ്‍ ഓടിയെടുത്ത് വിജയം നേടുകയായിരുന്നു.
43 പന്തില്‍ 55 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളും പഞ്ചാബിന്റെ വിജയത്തില്‍ കാര്യമായ പങ്ക് വഹിച്ചു. ഹൈദരാബാദിനു വേണ്ടി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റും റാഷിദ് ഖാന്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തേ ടോസ് നേടിയ പഞ്ചാബ് ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പതിവുപോലെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (62 പന്തില്‍ 70) തന്നെയായിരുന്നു ഹൈദരാബാദ് ഇന്നിങ്‌സിന്റെ നെടുംതൂണ്‍. 26 റണ്‍സ് നേടിയ വിജയ് ശങ്കര്‍ മാത്രമേ വാര്‍ണറിനു കാര്യമായ പിന്തുണ നല്‍കിയുള്ളൂ.
കാര്യമായി റണ്‍സ് ഒഴുകാതിരുന്ന പിച്ചില്‍ നാലു വിക്കറ്റ് മാത്രമേ നഷ്ടപ്പെട്ടുള്ളൂവെങ്കിലും 150 റണ്‍സ് മാത്രമാണു നേടാന്‍ കഴിഞ്ഞത്. പഞ്ചാബ് ക്യാപ്റ്റന്‍ രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ആറു മത്സരങ്ങളില്‍ നാലു വിജയവുമായി പഞ്ചാബ് ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്കു കയറി. അത്രയും മത്സരങ്ങളില്‍ മൂന്നു വിജയങ്ങളുള്ള ഹൈദരാബാദ് ഇപ്പോള്‍ നാലാം സ്ഥാനത്താണ്.
ഈ മത്സരത്തില്‍ ഹൈദരാബാദിനു വേണ്ടി ടോപ് സ്‌കോററായ വാര്‍ണറാണ് ഈ സീസണില്‍ ഇതുവരെ ഏറ്റവുമധികം റണ്‍സ് നേടിയത്. ആറ് ഇന്നിങ്‌സുകളില്‍ നിന്നായി 349 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

We use cookies to give you the best possible experience. Learn more