|

ബാംഗ്ലൂരിനെ പഞ്ചറാക്കി പഞ്ചാബ്; രാഹുലിന് സെഞ്ച്വറി

സ്പോര്‍ട്സ് ഡെസ്‌ക്

ദുബായ്: ഐ.പി.എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിന് നാണംകെട്ട തോല്‍വി. പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 109 റണ്‍സെടുക്കാനെ ആയുള്ളൂ.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിന്റെ പേരുകേട്ട ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. നാലു റണ്‍സ് എടുക്കുന്നതിനിടെ ദേവദത്ത് പടിക്കല്‍ (1), ജോഷ് ഫിലിപ്പ് (0), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (1) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായ ബാംഗ്ലൂരിന് തുടര്‍ന്ന് ആരോണ്‍ ഫിഞ്ചിനെയും (20) എബി ഡിവില്ലിയേഴ്‌സിനെയും (28) നഷ്ടമായി. വാഷിംഗ്ടണ്‍ സുന്ദര്‍ 30 റണ്‍സെടുത്തു.

പഞ്ചാബിനായി ബിഷ്‌ണോയിയും എം.അശ്വിനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ സെഞ്ചുറി പ്രകടനവും മികച്ച കൂട്ടുകെട്ടുകളുമാണ് പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത്. 62 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച രാഹുല്‍ 69 പന്തുകള്‍ നേരിട്ട് ഏഴു സിക്സും 14 ഫോറുമടക്കം 132 റണ്‍സോടെ പുറത്താകാതെ നിന്നു.

ഐ.പി.എല്ലില്‍ രാഹുലിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും രാഹുല്‍ സ്വന്തമാക്കി. മത്സരത്തിനിടെ രണ്ടു തവണ ക്യാപ്റ്റന്‍ കോഹ്‌ലി, രാഹുലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത് ബാംഗ്ലൂരിന് തിരിച്ചടിയായി.

ഇതിനിടെ കെ.എല്‍ രാഹുല്‍ ഐ.പി.എല്ലില്‍ 2000 റണ്‍സ് തികയ്ക്കുകയും ചെയ്തു. ഐ.പി.എല്ലില്‍ വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യക്കാരനെന്ന നേട്ടവും രാഹുല്‍ സ്വന്തമാക്കി.

60 ഇന്നിങ്സുകളില്‍ നിന്നാണ് രാഹുലിന്റെ നേട്ടം. 63 ഇന്നിങ്സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് രാഹുല്‍ മറികടന്നത്.

ഓപ്പണിങ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളിനൊപ്പം 57 റണ്‍സ് ചേര്‍ത്ത രാഹുല്‍ രണ്ടാം വിക്കറ്റില്‍ നിക്കോളാസ് പുരനൊപ്പവും 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kings XI Punjab vs Royal Challengers Banglore IPL 2020 KL Rahul