പഞ്ചാബിനായി രാഹുലും അഗര്‍വാളും മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ 74 റണ്‍സും അഗര്‍വാള്‍ 56 റണ്‍സുമെടുത്തു. എന്നാല്‍ അഗര്‍വാളിനെ പുറത്താക്കി കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. അവസാനപന്തില്‍ പഞ്ചാബിന് ജയിക്കാന്‍ ഏഴ് റണ്‍സ് വേണമെന്നിരിക്കെ നാല് റണ്‍സ് നേടാനെ മാക്‌സ് വെല്ലിനായുള്ളൂ.
ശുഭ്മാന്‍ ഗില്ലിന്റെയും ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് കൊല്‍ക്കത്ത മികച്ച സ്‌കോര്‍ കണ്ടെത്തിയത്. തുടക്കത്തില്‍ വലിയ തകര്‍ച്ച നേരിട്ട ടീം പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ആദ്യ ഓവറുകളില്‍ പഞ്ചാബ് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.
ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത കൊല്‍ക്കത്ത തകര്‍ച്ചയോടെയാണ് തുടങ്ങിയത്. രാഹുല്‍ ത്രിപാഠിയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് മുഹമ്മദ് ഷമി കൊല്‍ക്കത്തയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ക്രീസിലെത്തിയ നിതീഷ് റാണ അനാവശ്യ റണ്ണിന് ശ്രമിച്ച റണ്‍ ഔട്ടായി.
ആദ്യ ഓവറുകളില്‍ സ്‌കോറിങ്ങിന് വേഗം കൂട്ടാന്‍ കൊല്‍ക്കത്ത ബാറ്റ്സ്മാന്‍മാര്‍ക്ക് സാധിച്ചില്ല. പവര്‍പ്ലേയില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വെറും 25 റണ്‍സ് മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നേടാനായത്.
തുടക്കത്തില്‍ രണ്ടുവിക്കറ്റുകള്‍ നഷ്ടമായെങ്കിലും പിന്നീട് പതിയെ മോര്‍ഗനും ഗില്ലും ചേര്‍ന്ന് ഇന്നിങ്സ് കെട്ടിപ്പൊക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ പിന്നാലെ മോര്‍ഗനെ ബിഷ്ണോയി മടക്കി.
മോര്‍ഗന്‍ മടങ്ങിയെങ്കിലും ഒരറ്റത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്മാന്‍ ഗില്‍ അര്‍ധസെഞ്ചുറി സ്വന്തമാക്കി. പിന്നാലെ കൊല്‍ക്കത്ത മൂന്നക്കത്തിലേക്ക് കടന്നു. 15-ാം ഓവറിലാണ് ടീം 100 കടന്നത്. ക്യാപ്റ്റന്‍ കാര്‍ത്തിക്ക് ഈ സീസണിലാദ്യമായി ഫോമിലേക്കുയര്‍ന്ന മത്സരമായിരുന്നു ഇത്.
ഗില്ലും കാര്‍ത്തിക്കും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കാര്‍ത്തിക്കായിരുന്നു കൂടുതല്‍ അപകടകാരി. 22 പന്തുകളില്‍ നിന്നും ക്യാപ്റ്റന്‍ അര്‍ധസെഞ്ചുറി കണ്ടെത്തി.
പിന്നാലെ 47 പന്തുകളില്‍ നിന്നും 57 റണ്‍സെടുത്ത ഗില്‍ റണ്‍ ഔട്ട് ആയി മടങ്ങി. പിന്നാലെയെത്തിയ റസ്സലിനും കാര്യമായൊന്നും ചെയ്യാനായില്ല. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത കാര്‍ത്തിക്കാണ് സ്‌കോര്‍ 160 കടത്തിയത്. അദ്ദേഹം 29 പന്തുകളില്‍ നിന്നും 58 റണ്‍സെടുത്ത് അവസാന ബോളില്‍ പുറത്തായി.
പഞ്ചാബിന് വേണ്ടി യുവതാരങ്ങളായ അര്‍ഷ്ദീപ് സിങ്ങും രവി ബിഷ്ണോയിയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക