കിങ്ഫിഷറിന്റെ ലൈസന്‍സ് റദ്ദാക്കി
Big Buy
കിങ്ഫിഷറിന്റെ ലൈസന്‍സ് റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st January 2013, 3:21 pm

ന്യൂദല്‍ഹി: പുനരുദ്ധാരണ പ്ലാന്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈയിങ് ലൈസന്‍സ് റദ്ദാക്കി. ലൈസന്‍സ് റദ്ദാക്കിയ വിവരം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ) ആണ് അറിയിച്ചത്.

ഡിസംബര്‍ 31 നുള്ളില്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ കിങ്ഫിഷറിന് ഡി.ജി.സി.എ നിര്‍ദേശം നല്‍കിയിരുന്നു. പ്ലാന്‍ സമര്‍പ്പിച്ചിരുന്നെങ്കിലും കടബാധ്യത തീര്‍ക്കാനുള്ള വഴി കിങ്ഫിഷര്‍ സമര്‍പ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയത്.[]

കടബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ മാസം കിങ്ഫിഷറിന്റെ ലൈസന്‍സ് വ്യോമായന ഡയറക്ടറേറ്റ് ജനറല്‍ താത്ക്കാലികമായി റദ്ദാക്കിയിരുന്നു. എന്നാല്‍ പ്രവര്‍ത്തനം പുന:സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണ് ലൈസന്‍സ് എന്നെന്നേക്കുമായി റദ്ദാക്കിയിരിക്കുന്നത്.

സര്‍വീസ് പുന:സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ 21 വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.  ഇതിന്റെ ഭാഗമായി 425 കോടി കമ്പനിയില്‍ നിക്ഷേപിക്കാന്‍ പ്രമോട്ടര്‍മാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

കമ്പനിക്ക് കൂടുതല്‍ വായ്പ്പ അനുവദിക്കില്ലെന്ന് ബാങ്കുകളും വ്യക്തമാക്കിയിരുന്നു. 75000 കോടിയിലേറെ രൂപയുടെ വായ്പാ കുടിശ്ശികയാണ് കമ്പനിക്ക് ഇപ്പോഴുള്ളത്.