സൗദിയില്‍ സ്ത്രീകള്‍ക്കും വാഹനമോടിക്കാം: ഉത്തരവുമായി സല്‍മാന്‍ രാജാവ്
Daily News
സൗദിയില്‍ സ്ത്രീകള്‍ക്കും വാഹനമോടിക്കാം: ഉത്തരവുമായി സല്‍മാന്‍ രാജാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th September 2017, 7:40 am

ജിദ്ദ: സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുളള അനുമതി നല്‍കുമെന്ന് സൗദി ഭരണകൂടം. സൗദി രാജാവ് സല്‍മാനാണ് ഉത്തരവ് പുറത്തിറക്കിയതെന്ന് സൗദി പ്രസ് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

“രാജാവിന്റെ ഉത്തരവ് പ്രകാരം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേപോലെ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കും.” എസ്.പി.എ പ്രസ്താവനയില്‍ പറയുന്നു.

2018 ജൂണോടെ ഉത്തരവ് പൂര്‍ണമായി നടപ്പില്‍ വരുത്താനാണ് തീരുമാനം. തീരുമാനം നടപ്പില്‍വരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉപദേശം നല്‍കുന്നതിന് ഒരു മന്ത്രിതല സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സമിതിക്ക് 30ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.

തീരുമാനം ടെലിവിഷനിലൂടെയും സൗദി വിദേശകാര്യ മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെയും പുറത്തുവിട്ടിട്ടുണ്ട്. ” സൗദി അറേബ്യ സ്ത്രീകളെ വാഹനമോടിക്കാന്‍ അനുവദിക്കുന്നു.” മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.


Must Read: ബി.ജെ.പിയ്ക്ക് ഗുജറാത്തും മധ്യപ്രദേശും നഷ്ടമാകുമെന്ന് ആര്‍.എസ്.എസ് സര്‍വ്വെ


സ്ത്രീകളെ വാഹനമോടിക്കാന്‍ അനുവദിക്കാത്തതുണ്ടാക്കുന്ന പ്രശ്‌നങ്ങളും ഇസ്‌ലാമിക നിയമത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ ഇത്തരമൊരു അനുമതി നല്‍കുന്നതിന്റെ പോസിറ്റീവും രാജാവ് പരാമര്‍ശിച്ചു.

സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് മതപരമായി യാതൊരു വിലക്കോ മറ്റോ ഇല്ലെന്നിരിക്കെ സൗദിയിലെ ഈ വിലക്ക് വലിയൊരു സാമൂഹ്യ പ്രശ്‌നമായാണ് പരിഗണിക്കപ്പെട്ടിരുന്നത്.

സ്ത്രീകള്‍ക്കെതിരെയുള്ള ഡ്രൈവിങ് വിലക്കിനെ പലരീതിയില്‍ ന്യായീകരിക്കുന്ന സൗദി പുരോഹിതര്‍ക്കിടയില്‍ ഈ തീരുമാനം എതിര്‍പ്പിനു കാരണമായേക്കാം. സൗദി സംസ്‌കാരത്തിന് എതിരാണെന്ന് പറഞ്ഞാണ് ചില പുരോഹിതന്മാര്‍ ഇതിനെ ന്യായീകരിച്ചത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കുന്നത് സൗദി സമൂഹത്തെ പാപത്തിലേക്കു നയിക്കുമെന്നായിരുന്നു ഒരു വലിയ വിഭാഗം യാഥാസ്ഥിതിക പുരോഹിതര്‍ അഭിപ്രായപ്പെട്ടത്.

സൗദി സ്ത്രീകള്‍ നേരിടുന്ന ഈ വിവേചനത്തിനെതിരെ 1990കള്‍ മുതല്‍ തന്നെ സ്ത്രീകള്‍ക്കിടയില്‍ നിന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. നിരോധനം ലംഘിച്ച് ഒട്ടേറെ സ്ത്രീകള്‍ പ്രതിഷേധമെന്നോണം വാഹനമോടിക്കുകയും അതിന്റെ പേരില്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

2011ല്‍ സൗദിയിലെ ഒരുകൂട്ടം സ്ത്രീകള്‍ “വുമണ്‍ ടു ഡ്രൈവ്” എന്ന കാമ്പെയ്ന്‍ നടത്തിയിരുന്നു. വാഹനമോടിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റു ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു കാമ്പെയ്ന്‍.

പിന്നീട് സൗദി സ്വദേശിയായ ഹിഷാം ഫഗീഹ് “നോവുമണ്‍ നോ ഡ്രൈവ്” എന്ന വിപ്ലവഗാനത്തിലൂടെ സ്ത്രീകളോടുള്ള ഈ വിവേചനത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. സ്ത്രീയെ രണ്ടാംകിട പൗരയായി പോലും അംഗീകരിക്കാത്ത സൗദി നേതൃത്വത്തെ അങ്ങേയറ്റം പരിഹസിച്ചുകൊണ്ടുള്ള ഈ ആല്‍ബത്തിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്.