| Sunday, 5th July 2020, 7:21 pm

പ്രവാസികള്‍ക്ക് ആശ്വാസം; ഇഖാമ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടിനല്‍കുമെന്ന് സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദിയില്‍ വിദേശികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി പുതുക്കി നല്‍കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച ഇളവുകളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഇളവുകളുടെ ഭാഗമായാണ് പുതിയ തീരുമാനം. രാജ്യത്ത് വിവിധ വിസകളില്‍ വന്നവരുടെ വിസ കാലാവധിയും ഫൈനല്‍ എക്‌സിറ്റ് വിസയുള്ളവര്‍ക്ക് രാജ്യം വിട്ടുപോകാനുള്ള കാലാവധിയുമാണ് മൂന്നുമാസത്തേക്ക് നീട്ടി നല്‍കുന്നത്.

ഇത്തരത്തില്‍ നീട്ടി നല്‍കുന്ന കാലാവധിയുടെ ഫീസുകള്‍ സര്‍ക്കാര്‍ വഹിക്കും. വിദേശികളുടെ ഇഖാമ പുതുക്കുന്നതോടെ അവരുടെ കീഴിലുള്ള ആശ്രിതരുടെ ഇഖാമ കാലാവധിയും നീട്ടികിട്ടും.

റീ എന്‍ട്രി വിസയില്‍ രാജ്യത്തിന് പുറത്തുപോയ വിദേശികളുടെ ഇഖാമ കാലാവധിയും ഇതോടെ പുതുക്കി ലഭിക്കും. റീ എന്‍ട്രി വിസ അടിച്ച് രാജ്യം വിടാന്‍ സാധിക്കാത്തവര്‍ക്കും ഇതേ അനുകൂല്യം ലഭിക്കും.

നേരത്തെ കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ഇഖാമയും മറ്റ് വിസകളും മൂന്നുമാസത്തേക്ക് സൗദിയില്‍ സൗജന്യമായി പുതുക്കി നല്‍കിയിരുന്നു. ഇതിന്റെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് ആനുകൂല്യം നീട്ടിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more