ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്ത ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്ത് തുടങ്ങിയത്. വമ്പന്‍ പ്രതീക്ഷയോടെ എത്തിയ ചിത്രം തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഒ.ടി.ടിയിലും സ്ഥിതി വ്യത്യസ്തമല്ല. ഒ.ടി.ടിയിലും വിമര്‍ശനങ്ങളുയര്‍ന്നതിന് പിന്നാലെ ചിത്രത്തിനെതിരെ ട്രോളുകളും പ്രചരിക്കുകയാണ്.
‘രാജുവിനെ പ്രകോപിപ്പിക്കാതിരിക്കുക എന്നതാണ് ജീവന്‍ നിലനിര്‍ത്താനുള്ള ഏകവഴി’ എന്ന ഡയലോഗാണ് ഏറ്റവുമധികം ട്രോളുകളില്‍ ഇടംപിടിക്കുന്നത്. കാളികുട്ടിയേടത്തിയുടെ പൂച്ച സ്‌നേഹവും സൗബിന്റെ ഷാഹിറിന്റെ കാമിയോ റോള്‍ സ്യൂട്‌കേസ് ലെസ്‌ലിയും ട്രോളന്മാര്‍ ആഘോഷമാക്കുന്നുണ്ട്.
നായികയായ താരയുടെ രാജുവേട്ടാ എന്ന വിളിയാണ് പിന്നെ ട്രോളുകളില്‍ നിറയുന്നത്. ബ്രഹ്‌മാസ്ത്രയിലെ നായികയുടെ ശിവ വിളികളോടാണ് പലരും ഇതിനെ ഉപമിക്കുന്നത്. കൊത്തയില്‍ ഉദിക്കാനായി രാജുവിന്റെ അനുവാദത്തിനായി കാത്തുനില്‍ക്കുന്ന സൂര്യനും ട്രോളുകളില്‍ ഇടംപിടിക്കുന്നുണ്ട്.
റിലീസിന് പിന്നാലെ ചിത്രത്തിലെ ഡയലോഗുകള്‍ക്കെതിരെയാണ് ഏറ്റവുമധികം വിമര്‍ശനമുയര്‍ന്നത്. പല ഡയലോഗുകളും ക്രിഞ്ചാണ് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പലരും ഇതിന്റെ ക്ലിപ്പുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്.
രാജു സുഹൃത്തായ കണ്ണനോട് ‘നീ ലിവറാടാ, ലിവര്‍ പൂളാടാ’ എന്ന് പറയുന്ന രംഗത്തിന്റെ ക്ലിപ്പാണ് ഏറ്റവുമധികം പ്രചരിക്കുന്നത്.
രാജുവിന്റെ പല ഡയലോഗുകള്‍ക്കൊപ്പം ക്ലൈമാക്സ് രംഗത്തിലെ രഞ്ജിത്ത് ഭായിയുടെ മകന്റെ മാസ് ഡയലോഗ് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. നായികയായ താരയെ വീട്ടിലാക്കുമ്പോള്‍ അച്ഛനെ രാജു പെങ്ങളുടെ പിറന്നാളിന് ക്ഷണിക്കുന്ന രംഗം കായലിലെ മോള്‍ടെ പിറന്നാളിനോടാണ് പലരും ഉപമിച്ചത്.
ഗോകുല്‍ സുരേഷിന്റെ നരേഷനെ കഥാപ്രസംഗത്തോടും ബൈബിള്‍ വായനയോടുമാണ് പലരും ഉപമിക്കുന്നത്. ഈ നരേഷന്‍ സ്പൂണ്‍ ഫീഡിങ്ങിന്റെ അങ്ങേയറ്റമാണെന്നും കല്ലുകടിയായെന്നും കമന്റ് ചെയ്തവരുണ്ട്.
Content Highlight: King of Kotha trolls