| Thursday, 10th August 2023, 10:13 am

ഞാന്‍ വന്നു, നിനക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യ്; കട്ടക്കലിപ്പില്‍ കിങ് ഓഫ് കൊത്ത ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം കിങ് ഓഫ് കൊത്തയുടെ ട്രൈലെർ പുറത്ത്. നടൻ നാഗാർജുനയാണ് ട്രൈലെർ പുറത്തുവിട്ടത്.
ഓഗസ്റ്റ് 24 ന് ലോകമെമ്പാടും റിലീസിനെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസിനോടനുബന്ധിച്ചുള്ള പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

കൊത്ത അടക്കി ഭരിക്കുന്ന രാജുവിനെയാണ് ട്രെയ്ലറിൽ കാണിക്കുന്നത്. അച്ഛനെപ്പോലെ ഒരു റൗഡിയാകാൻ ആഗ്രഹിക്കുന്ന രാജുവായി ദുല്‍ഖർ സൽമാൻ എത്തുമ്പോൾ നിരവധി സീനുകൾ കോർത്തിണക്കിയ മാസ്സ് ട്രൈലെർ ഏറെ പ്രതീക്ഷകളാണ് ചിത്രത്തെപ്പറ്റി നൽകുന്നത്. ചിത്രത്തിൽ ദുല്‍ഖര്‍ ഡബിൾ റോൾ ആണോയെന്ന സംശയവും ബാക്കിവെച്ചാണ് ട്രെയ്‌ലർ അവസാനിക്കുന്നത്.

അഭിലാഷ് എൻ. ചന്ദ്രൻ തിരക്കഥയെഴുതി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താര നിരയാണ് അണിനിരക്കുന്നത്. ഷബീര്‍ കല്ലറക്കല്‍, ചെമ്പന്‍ വിനോദ്, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍ ,ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രത്തിന്റെ ഛായാഗ്രഹണം നിമീഷ് രവിയാണ്.

ചിത്രത്തിലെ കലാപകാര എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശ്രേയ ഘോഷാല്‍ ആലപിച്ച ഗാനം 5 മില്യണിലധികം ആളുകളാണ് ഇതുവരെ യൂട്യൂബില്‍ മാത്രം കണ്ടത്. ഒരു മാസം മുൻപ് പുറത്തുവന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. ദുൽഖറിന്റെ മാസ്സ് എൻട്രിയും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുമാണ് പ്രേക്ഷകരെ കൂടുതലും ടീസറിലേക്ക് ആകർഷിച്ചത്. മമ്മൂട്ടിയാണ് ടീസർ പുറത്തുവിട്ടത്.

ജേക്‌സ് ബിജോയ്,ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ്. എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമിഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ,സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Content Highlights: King of Kotha trailer out

Latest Stories

We use cookies to give you the best possible experience. Learn more