കിങ് ഓഫ് കൊത്തയിലെ തന്‌റെ കഥാപാത്രം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു എന്ന് ഷബീര്‍ കല്ലറക്കല്‍. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും അത്തരത്തില്‍ ഗ്രേ ഷെഡുള്ളവരാണെന്നും ശാരീരികമായും മാനസികമായും ബുദ്ധിമുട്ടേറിയിരുന്നുവെന്നും ഷബീര്‍ പറഞ്ഞു. കിങ് ഓഫ് കൊത്തയുടെ കൊച്ചിയിലെ ഓഡിയോ ലെഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ സിനിമ ആക്ഷന്‍ മാത്രമല്ല. എന്റെ കഥാപാത്രം വളരെ ഡിഫിക്കള്‍ട്ടായിരുന്നു. എന്റേത് മാത്രമല്ല, ഐഷുവിന്റേതാണെങ്കിലും ഡി.ക്യുവിന്റേതാണെങ്കിലും പ്രസന്നയുടേതാണെങ്കിലും ഗോകുലിന്റേതാണെങ്കിലും വളരെ ലെയറുകളുള്ള കഥാപാത്രമാണ്. ഫിസിക്കലി മാത്രമല്ല, മെന്റലിയും ഈ സിനിമ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു.
ഈ ചിത്രത്തില്‍ ഞാന്‍ ഡി.ക്യുവിന്റെ സുഹൃത്താണ്. ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഗ്രേ ഷേഡാണ്. ഇതിലെ എല്ലാവരും വില്ലനുമാണ് ഹീറോയുമാണ്. അങ്ങനെയുള്ള ലെയേര്‍ഡ് കഥാപാത്രങ്ങളാണ്,’ ഷബീര്‍ പറഞ്ഞു.
കിങ് ഓഫ് കൊത്ത പാര്‍ട്ട് 2 ഉണ്ടാകുമോ എന്ന അവതാരകയുടെ ചോദ്യത്തിന് തീര്‍ച്ചയായും എന്തും പ്രതീക്ഷിക്കാം എന്നാണ് വേദിയിലിരുന്ന ദുല്‍ഖര്‍ മറുപടി പറഞ്ഞത്.
കിങ് ഓഫ് കൊത്ത പ്രേക്ഷകര്‍ സ്വീകരിച്ച് വിജയിപ്പിച്ചാല്‍ ഉറപ്പായും രണ്ടാം ഭാഗം വരുമെന്ന് നേരത്തേയും ദുല്‍ഖര്‍ പറഞ്ഞിരുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.
മലയാളികള്‍ക്ക് ഇഷ്ടമുള്ള മാസ് സിനിമയാകും കിങ് ഓഫ് കൊത്തയെന്നും, നമ്മുടെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ലോജിക്കും നിലനിര്‍ത്തിയ സിനിമയാണ് കൊത്തയെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ക്കുന്നു.
‘ഞാന്‍ എന്റെ സിനിമയില്‍ 50 പേരെ ഇടിച്ചിടുന്ന രംഗം വന്നാല്‍ അത് പ്രേക്ഷകര്‍ക്ക് ഇഷ്മാകണം എന്നില്ല, നമ്മുടെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ലോജിക്ക് ഒക്കെ ഉള്‍പ്പെടുത്തിയിട്ടുള്ള സിനിമയാണ് കിങ് ഓഫ് കൊത്ത,’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
ഓഗസ്റ്റ് 24നാണ് കിങ് ഓഫ് കൊത്ത റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷി ആണ്. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് കിങ് ഓഫ് കൊത്ത നിര്‍മിച്ചിരിക്കുന്നത്.
ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളായെത്തിയത്.
Content Highlight: King of Kotha sequel will happen, says Dulquer Salmaan