|

അച്ഛന്‍ മകന്‍ ഒ.ടി.ടി ക്ലാഷ്; ഏജന്റും കൊത്തയും എത്തുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിങ് ഓഫ് കൊത്തയും മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റും ഒ.ടി.ടി റിലീസ് ചെയ്യുക ഒരേ ദിവസം.

ഏജന്റിന്റെ ഒ.ടി.ടി റിലീസ് തീയതി ഏതാനും ദിവസം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 29 ന് സോണി ലിവിലൂടെയാണ് ചിത്രം എത്തുന്നത്. ദുല്‍ഖറിന്റെ ഓണം തിയേറ്റര്‍ റിലീസ് ആയിരുന്ന കിങ് ഓഫ് കൊത്തയും ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 29 ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഡിജിറ്റല്‍ സ്ട്രീമിങ് ആരംഭിക്കുക.

അച്ഛന്റെയും മകന്റെയും ചിത്രങ്ങള്‍ ഒരേദിവസം പ്രേക്ഷകരിലേക്ക് എത്തുന്നു എന്നത് കൗതുകത്തോടെയാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

ഇരുചിത്രങ്ങളും വലിയ പ്രതീക്ഷയോടെയും പ്രീ റിലീസ് ഹൈപ്പോടെയും തിയേറ്ററുകളിലെത്തി പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ട ചിത്രങ്ങളാണ്. അവ ഒ.ടി.ടിയില്‍ ജനപ്രീതി നേടുമോ എന്ന് അറിയാനും സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്.

ആക്ഷന്‍ സ്‌പൈ വിഭാഗത്തില്‍ പെടുന്ന ഏജന്റിന്റെ തിയേറ്റര്‍ റിലീസ് ഏപ്രില്‍ 28 ന് ആയിരുന്നു. കിങ് ഓഫ് കൊത്തയുടേത് ഓഗസ്റ്റ് 24 നും. അഖില്‍ അക്കിനേനി നായകനായ ഏജന്റില്‍ ഏറെ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

ഇതിന് മുമ്പ് മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ചിത്രങ്ങള്‍ ഒരുമിച്ച് തിയേറ്ററില്‍ റിലീസ് ചെയ്തിട്ടുണ്ട്. 2022 മാര്‍ച്ച് മൂന്നിനാണ് ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തില്‍ എത്തിയ ഹേയ് സിനാമികയും മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വവും റിലീസ് ചെയ്തത്. വലിയ ഹിറ്റായി മാറാന്‍ ഭീഷ്മക്ക് കഴഞ്ഞപ്പോള്‍ നെഗറ്റീവ് അഭിപ്രായങ്ങള്‍ ആയിരുന്നു സിനാമികക്ക് ലഭിച്ചത്.

Content Highlight: King of kotha & agent movie releasing same day on ott

Latest Stories