| Friday, 6th September 2024, 4:46 pm

457 തടവുകാര്‍ക്ക് മാപ്പ് നല്‍കി ബഹ്‌റൈന്‍ രാജാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനാമ: 457 തടവുകാര്‍ക്ക് മാപ്പ് നല്‍കി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ. ഭരണാധികാരിയായതിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഹമദ് ബിന്‍ ഇസ അല്‍ തടവുകാര്‍ക്ക്  മാപ്പ് നല്‍കിയത്.

സായുധസേനയുടെ പരമോന്നത കമാന്‍ഡര്‍ കൂടിയായ ഹമദ് ബിന്‍ ഇസ അല്‍ കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മനുഷ്യാവകാശങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ് തടവുകാരുടെ മോചനമെന്ന് ബഹ്‌റൈന്‍ പ്രതികരിച്ചു.

മോചിക്കപ്പെട്ടവരില്‍ ഭൂരിഭാഗം തടവുകാരും രാഷ്ട്രീയ പ്രവര്‍ത്തകരാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മോചിക്കപ്പെട്ടവരുടെ പേരുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജയിലിലെ മോശം സാഹചര്യങ്ങള്‍ക്കെതിരെ തടവുകാര്‍ നടത്തിയ നിരാഹാര സമരം അടക്കമുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായതായി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബഹ്‌റൈന്‍ രാജാവിന്റെ തീരുമാനം ഇറാനുമായുള്ള രാജ്യത്തിന്റെ അകല്‍ച്ച കുറക്കാന്‍ കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. തടവുകാരുടെ മാനുഷികവും സാമൂഹികവും നിയമപരമായ ഉത്തരവാദിത്തം സന്തുലിതമാക്കാനും അവര്‍ക്ക് സാധാരണ ജീവിതം നയിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പറഞ്ഞ ഹമദ് ബിന്‍ ഇസയുടെ നീക്കം, സ്വാഗതം ചെയ്യുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്ന കൂടുതല്‍ തടവുകാരെ പുറത്തുവിടണമെന്നും മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. 2024 ഏപ്രിലില്‍ ഹമദ് ബിന്‍ ഇസ 1584 തടവുകാര്‍ക്ക് മാപ്പ് നല്‍കിയിരുന്നു. ഇതില്‍ 650ലധികം ആളുകള്‍ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു.

അതേസമയം ബഹ്‌റൈന്‍ സ്വീകരിക്കുന്ന അന്താരാഷ്ട്ര നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ അതിക്രമം തുടരുന്ന ഇസ്രഈലിനെ പരോക്ഷമായി അംഗീകരിക്കുന്ന രാഷ്ട്രമാണ് ബഹ്‌റൈന്‍.

അതേസമയം ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്രഈല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂത്തി വിമതസംഘം നടത്തിയ ആക്രമണങ്ങളെ പിന്തുണച്ച ഏക അറബ് രാഷ്ട്രം കൂടിയാണ് ബഹ്‌റൈന്‍.

Content Highlight: King of Bahrain pardons 457 prisoners

We use cookies to give you the best possible experience. Learn more