ഏറെ പഴികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷം ഇന്ത്യന്‍ ടീമില്‍ വമ്പിച്ച തിരിച്ചുവരവ് നടത്തിയ റെക്കോര്‍ഡുകളുടെ രാജകുമാരന്‍ വിരാട് കോഹ്ലി മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. അഹമ്മദാബാദില്‍ വെച്ച് നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ സീരീസിലെ അവസാന ടെസ്റ്റിലാണ് ഇതിഹാസ താരങ്ങളായ സച്ചിനും കാലിസിനുമൊപ്പം കോഹ്‌ലി റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയിരിക്കുന്നത്.
മത്സരത്തിന്റെ മൂന്നാം ദിനം നേടിയ അര്‍ധ സെഞ്ചറിയാണ് താരത്തിനെ റെക്കോര്‍ഡിനര്‍ഹനാക്കിയത്. ഇതോടെ ഇന്ത്യന്‍ മണ്ണില്‍ 4000 റണ്‍സെടുക്കുന്ന അഞ്ചാമത്തെ ബാറ്ററായാണ് കോഹ്ലി മാറിയത്.
4000 മെന്ന നാഴികകല്ലിന് പുറമെ നാലാം നമ്പറിലിറങ്ങി അന്താരാഷ്ട്രക്രിക്കറ്റില്‍ 9000 റണ്‍സ് തികക്കാനും കിങ് കോഹ്‌ലിക്കായി. ഈ ക്ലബ്ബിലെ വേഗക്കാരോടൊപ്പം സ്ഥാനം പങ്കിടാനും വിരാടിനായി. 193 ഇന്നിങ്‌സുകളിലാണ് നമ്പര്‍ ഫോറിലെ 9000 ക്ലബ്ബില്‍ കോഹ്ലി കയറിയത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറിനും ജാക് കാലീസിനുമൊപ്പമാണ് ഇനി കോഹ്‌ലിയുടെയും സ്ഥാനം.
അതേസമയം ബോര്‍ഡര്‍-ഗവാസ്‌കര്‍ സീരീസിലെ മൂന്നാം ദിനം കളിയവസാനിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 35 റണ്‍സെടുത്ത രോഹിത് ശര്‍മ, 128 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍, 42 റണ്‍സെടുത്ത ചേതേശ്വര്‍ പുജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 59 റണ്‍സുമായി വിരാട് കോഹ്ലിയും 16 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിലുള്ളത്.
Content Highlight: King Kohli march towards elite club by creating history