തായ്‌ലന്റില്‍ സ്വവര്‍ഗ വിവാഹത്തിന് രാജാവിന്റെ അംഗീകാരം; അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍
national news
തായ്‌ലന്റില്‍ സ്വവര്‍ഗ വിവാഹത്തിന് രാജാവിന്റെ അംഗീകാരം; അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th September 2024, 9:04 pm

ബാങ്കോക്ക്: സ്വവര്‍ഗ വിവാഹത്തെ അംഗീകരിച്ച് തായ്‌ലന്റ്. സെനറ്റിന്റെ അംഗീകാരം നേരത്തെ നേടിയിരുന്നെങ്കിലും ബില്ലില്‍ തായ്‌ലന്റ് രാജാവ് ഒപ്പുവെച്ചതോടെയാണ് രാജ്യത്ത് സ്വവര്‍ഗ വിവാഹത്തിന് നിയമപരമായി അംഗീകാരം ലഭിച്ചത്.

തെക്കുകിഴക്കന്‍ ഏഷ്യയില്‍ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമായിരിക്കുകയാണ് തായ്‌ലന്റ്. ബില്ലിന് ജൂണില്‍ സെനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു. പിന്നാലെയാണ് രാജാവിന്റെ അംഗീകാരം ലഭിക്കുന്നത്. ബില്ല് അടുത്ത വര്‍ഷം ജനുവരി 22 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഏഷ്യയില്‍ തായ്‌വാനും നേപ്പാളും സ്വവര്‍ഗവിവാഹം പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു.

വിവാഹസമത്വത്തിന് വേണ്ടിയുള്ള വര്‍ഷങ്ങളായുള്ള പ്രചാരണത്തിന്റെ ഫലമാണെന്നും ചരിത്രപരമായ നീക്കമാണിതെന്നുമാണ് ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയത്.

പുതിയ നിയമത്തില്‍ ഭര്‍ത്താവ്, ഭാര്യ, പുരുഷന്മാര്‍, സ്ത്രീകള്‍ എന്നിങ്ങനെയുള്ള പദങ്ങള്‍ക്ക് പകരം ലിംഗ നിക്ഷ്പക്ഷത കാണിക്കുന്ന പദങ്ങള്‍ ഉപയോഗിക്കുമെന്നും സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്തെടുക്കലും മറ്റവകാശങ്ങളും നല്‍കുമെന്നുമാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തത്.

ബില്ല് നടപ്പിലായത് രാജ്യത്തിന്റെ സമത്വത്തെയും അന്തസ്സിനെയും വെളിപ്പെടുത്തുന്നുവെന്നും ബില്ല് പ്രാബല്യത്തില്‍ വരുന്നതോടുകൂടി എല്‍.ജി.ബി.ടി.ക്യു.ഐ.പ്ലസ് ദമ്പതികള്‍ക്കായി വിവാഹം നടത്തുമെന്നും ആക്ടിവിസ്റ്റുകള്‍ ബി.ബി.സിയോട് പറഞ്ഞു.

നിയമപരമായി ലഭിക്കുന്ന അംഗീകാരങ്ങളിലൂടെ തങ്ങളെ സമൂഹം പൂര്‍ണമായി അംഗീകരിക്കുന്നതിന് തുല്യമാണെന്ന് അഡ്വര്‍ട്ടൈസിങ്ങ് സ്ട്രാറ്റജിസ്റ്റ് ക്വാന്‍കോ കൂസകുല്‍നിരുദ് അഭിപ്രായപ്പെട്ടു.

ബില്ലിനെ പിന്തുണച്ച് മുന്‍ തായ്‌ലന്റ് പ്രധാനമന്ത്രി ശ്രേത്ത തവിസിനും രംഗത്തെത്തിയിരുന്നു. തായ്‌ലന്റിന്റെ സുപ്രധാന ചുവടുവെപ്പുകളില്‍ ഒന്നാണിതെന്നും ലിംഗവൈവിധ്യം പൂര്‍ണമായി അംഗീകരിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: KING APPROVES SAME SEX MARRIEGE IN THAILAND ; EFFECTIVE FROM NEXT YEAR