|

കിന്‍ഫ്രയും ഇന്‍ഫോപാര്‍ക്കും യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്; തരൂരിന് കുഞ്ഞാലിക്കുട്ടിയുടെ പരോക്ഷ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സംസ്ഥാന സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച കോണ്‍ഗ്രസ് എം.പി ശശി തരൂരിന് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

കേരളം എല്ലാം മേഖലയിലും മുന്നില്‍ നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങളായുള്ള കേരളത്തിന്റെ നിക്ഷേപ അന്തരീക്ഷം മോശമാണെന്നും അത് വര്‍ധിപ്പിച്ചാല്‍ മാത്രമേ ആളോഹരി വരുമാനം കൂടുകയുള്ളുവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1991ലെ കരുണാകരന്‍ സര്‍ക്കാരിന്റെ സമയത്താണ് കേരളത്തിലെ വ്യവസായ രംഗത്ത് മാറ്റങ്ങള്‍ തുടങ്ങുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് ശശി തരൂരും പറഞ്ഞിട്ടുണ്ടെന്നും താനായിരുന്നു അപ്പോഴത്തെ വ്യവസായ മന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കാലയളവില്‍ കൊണ്ടുവന്ന വ്യവസായ നയത്തിന്റെ ഭാഗമാണ് കിന്‍ഫ്ര. പിന്നീട് കേരളത്തിലുണ്ടായ വലിയ മാറ്റമാണ് കിന്‍ഫ്ര പാര്‍ക്കുകളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിന്റെ വ്യവസായ ഭൂപടത്തെ മാറ്റിയത് എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊച്ചിയെ ഐ.ടിയുടെ കേന്ദ്രമാക്കി മാറ്റണമെന്ന തീരുമാനത്തിലാണ് ഇന്‍ഫോ പാര്‍ക്ക് ഉള്‍പ്പെടെ കൊണ്ടുവന്നതെന്നും കാക്കനാട് യഥാര്‍ത്ഥത്തില്‍ കുറുക്കന്മാര്‍ മേഞ്ഞിരുന്ന സ്ഥലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അക്ഷയ കേന്ദ്രങ്ങളാലാണ് കേരളം ഡിജിറ്റലായി മാറിയത്. ഇത് ഉള്‍പ്പെടെയുള്ള നിരവധി മാറ്റങ്ങള്‍ കെ. കരുണാകരന്‍, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവരുടെ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്നല്ല പറയുന്നത്. എന്നാല്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത് യു.ഡി.എഫ് സര്‍ക്കാരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എമേര്‍ജിങ് കേരള ഉള്‍പ്പെടെയുള്ള യു.ഡി.എഫ് പദ്ധതികള്‍ മാറ്റങ്ങള്‍ക്ക് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പല ലോകത്തൊര ആശയങ്ങള്‍ കേരളത്തില്‍ എത്തിച്ചത് ആന്റണി സര്‍ക്കാരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രഫഷണല്‍ കോളേജുകള്‍ക്കെതിരെ ഇടതുപക്ഷം നടത്തിയ സമരം ഓര്‍മയുണ്ടല്ലോ? കൂത്തുപറമ്പ് പ്രശ്‌നം വരെ അതിന്റെ പേരിലുണ്ടായതാണ്. അത്തരം എതിര്‍പ്പുകളെയെല്ലാം മറികടന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നത്. എഞ്ചിനീയറിങ് കോളേജുകളും പ്രഫഷണല്‍ കോളേജുകളും ഇല്ലാതെ എങ്ങനെയാണ് ഐ.ടി രംഗത്തേക്ക് പ്രഫഷണലിസ്റ്റുകള്‍ എത്തുകയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

എക്‌സ്പ്രസ് ഹൈവേ കൊണ്ടുവന്നത് തങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ വമ്പിച്ച മാറ്റങ്ങള്‍ക്ക് കാരണമായത് യു.ഡി.എഫ് സര്‍ക്കാരുകളുടെ നയമായിരുന്നെന്നും ചില ഇടത് സര്‍ക്കാരുകള്‍ പുലര്‍ത്തിയിരുന്നത് പൊളിച്ചടുക്കല്‍ നയമായിരുന്നെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങള്‍ ഭരണത്തിലിരിക്കുമ്പോള്‍ ഉണ്ടായ പ്രതിപക്ഷം, അവരുടെ നിലപാടുകളില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ട്. തിരുത്തലുകള്‍ നല്ലതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്നത്തെ നയപരിപാടികളില്‍ പ്രതിപക്ഷത്തിരിക്കുന്ന വി.ഡി. സതീശനും താനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ സര്‍ക്കാരുകള്‍ ഭരണത്തിലിരിക്കുമ്പോള്‍ നടന്ന നയപരിപാടികളുമായി ഇടതുപക്ഷം എപ്പോഴെങ്കിലും സഹകരിച്ചിട്ടുണ്ടോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

വയനാട് പുനരധിവാസത്തിനായി കേന്ദ്രം വായ്പ അനുവദിച്ച നീക്കം അപമാനകരമാണെന്നും ഇന്ത്യന്‍ കുടിയേറ്റക്കാരെ യു.എസില്‍ നിന്ന് നാടുകടത്തിയ രീതി ആഘോഷിക്കപ്പെടേണ്ട ഒന്നല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനെതിരെയാണ് ഒരുമിച്ച് നിന്ന് പോരാടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശശി തരൂരിന്റെ പരാമര്‍ശത്തില്‍ മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തോട് അതൃപ്തി അറിയിച്ചതായി വിവരമുണ്ട്. ശശി തരൂരുമായി ലീഗ് നേതാക്കള്‍ സംസാരിച്ചെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതിനുപിന്നാലെ സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുള്ള പരാമര്‍ശം മയപ്പെടുത്തി ശശി തരൂര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ഉണ്ടായി.

Content Highlight: Kinfra and Infopark brought by UDF government: PK kunhalikutty