ന്യൂദല്‍ഹി: പ്രവാചകനെതിരായ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകമായതോടെ അഡ്രസ് വെളിപ്പെടുത്തരുതെന്ന അപേക്ഷയുമായി മുന്‍ ബി.ജെ.പി വക്താവായ നുപുര്‍ ശര്‍മ.
ന്യൂദല്‍ഹി: പ്രവാചകനെതിരായ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകമായതോടെ അഡ്രസ് വെളിപ്പെടുത്തരുതെന്ന അപേക്ഷയുമായി മുന്‍ ബി.ജെ.പി വക്താവായ നുപുര്‍ ശര്‍മ.
തന്റെ അഡ്രസ് വെളിപ്പെടുത്തരുതെന്നും കുടുംബത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്നും നുപുര്‍ ട്വിറ്ററില്‍ കുറിച്ചു. മാധ്യമപ്രവര്‍ത്തകരേയും മറ്റുള്ളവരോടുമുള്ള അഭ്യര്‍ത്ഥനയായായിരുന്നു പോസ്റ്റ്.
I request all media houses and everybody else not to make my address public. There is a security threat to my family.
— Nupur Sharma (@NupurSharmaBJP) June 5, 2022
എന്നാല്‍ ലെറ്റര്‍ ഹെഡില്‍ ബി.ജെ.പി തന്നെയാണ് നുപുര്‍ ശര്‍മയുടെ അഡ്രസ് പരസ്യപ്പെടുത്തിയത് എന്നതാണ് വസ്തുത.
ട്വീറ്റ് പുറത്തുവന്നതോടെ അഡ്രസ് പ്രചരിപ്പിച്ചത് സ്വന്തം പാര്‍ട്ടി തന്നെയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
ചാനല്‍ ചര്‍ച്ചകളില്‍ കുറച്ച് ദിവസമായി സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്ന വ്യക്തിയാണ് താനെന്നും ചര്‍ച്ചകളില്‍ ഗ്യാന്‍വാപിയില്‍ നിന്നും കണ്ടെത്തിയ ശിവലിംഗത്തെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതിന്റെ അമര്‍ഷമാണ് പ്രസ്താവനയില്‍ പ്രകടമായതെന്നും നുപുര്‍ ട്വിറ്ററില്‍ കുറിച്ചു. വാക്കുകള്‍ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും നുപുര്‍ ട്വിറ്ററില്‍ പറഞ്ഞു.
പ്രതിഷേധം ശക്തമായതോടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ നുപുര്‍ ശര്‍മയേയും നവീന്‍ ജിന്‍ഡലിനേയും പാര്‍ട്ടി പുറത്താക്കിയിരുന്നു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പാര്‍ട്ടി ചുമതലകളില്‍ നിന്ന് സസ്പന്‍ഡ് ചെയ്തിരിക്കുന്നത്.
ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. ഒരു മതത്തേയോ മതവ്യക്തിത്വങ്ങളെയോ അപമാനിക്കുന്നതിനെ ബി.ജെ.പി ശക്തമായി അപലപിക്കുന്നു- എന്നായിരുന്നു ബി.ജെ.പി നേരത്തെ പുറത്തുവിട്ട വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നത്. ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്നതിനെ ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും പിരിച്ചുവിടാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
അതേസമയം പ്രവാചകനെതിരായ വിവാദ പരാമര്‍ശം നടത്തിയ സംഭവം അപലപനീയമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കത്ത് ഇന്ത്യന്‍ അംബാസഡര്‍ക്ക് കൈമാറിയതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രവാചകനെതിരായ പരാമര്‍ശത്തില്‍ ഭരണകക്ഷി സ്വീകരിച്ച നടപടി പ്രശംസനീയമാണെന്നും കത്തില്‍ പറയുന്നു. എന്നിരുന്നാലും മുസ്ലിങ്ങളെ മുഴുവന്‍ വേദനിപ്പിച്ച പ്രസ്താവന നടത്തിയതിന് പരസ്യമായി പ്രതികള്‍ ക്ഷമാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയുടെ വിദ്വേഷ പരാമര്‍ശം.
ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപുര്‍ ശര്‍മ ചര്‍ച്ചയില്‍ ആരോപിച്ചത്. മുസ്ലിങ്ങള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ ആരോപിച്ചിരുന്നു.
Content Highlight: Kindly avoid sharing my address says nupur sharma