| Sunday, 3rd January 2021, 2:39 pm

ഒരു കൈവിട്ട പാട്ട് പോലെ വേണമെന്ന് പറഞ്ഞു, അപ്പോള്‍ മഞ്ജു കൈയ്യില്‍ നിന്നും ഇട്ടതാണ് ആ പ്രയോഗങ്ങളൊക്കെ: കിം കിം കിം സംഗീത സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്ത കാലത്ത് മലയാളത്തില്‍ ഏറ്റവും ഹിറ്റായ പാട്ടുകളിലൊന്നായിരുന്നു സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്‍ എന്ന ചിത്രത്തിലെ കിം കിം കിം എന്ന പാട്ട്. മഞ്ജു വാര്യരായിരുന്നു കിം കിം കിം പാടിയത്. ഇപ്പോള്‍ പാട്ടിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംഗീത സംവിധായകനായ റാം സുരേന്ദര്‍. മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാട്ടിലെ ഹിറ്റായ പല പ്രയോഗങ്ങളും മഞ്ജു വാര്യര്‍ കയ്യില്‍ നിന്ന് ഇട്ടതാണെന്ന് റാം സുരേന്ദര്‍ പറയുന്നു. ‘മഞ്ജു വാര്യരെക്കൊണ്ട് പാടിക്കാന്‍ തീരുമാനമായി. ആദ്യം സാധാരണഗതിയില്‍ മഞ്ജു പാടിക്കഴിഞ്ഞപ്പോള്‍ ഇതല്ല, ഒരു കൈവിട്ട പാട്ടാണ് വേണ്ടതെന്ന് ഞങ്ങള്‍ പറഞ്ഞു. അതോടെ മഞ്ജു വാര്യര്‍ പുറത്തെടുത്തു, ഇപ്പോള്‍ ഹിറ്റായ ‘ഭയാനക വേര്‍ഷന്‍’.

പല്ലവിയില്‍ മഞ്ജു ചില പ്രയോഗങ്ങള്‍ നടത്തി. വണ്‍ ടു ത്രീ ഫോര്‍, ഉയ്യോ, ടിഷ്‌ക്യു, കാന്താകാന്താകാന്ത എന്ന ശല്യപ്പെടുത്തുന്ന വിളി. ഇതെല്ലാം മഞ്ജു കയ്യില്‍ നിന്ന് ഇട്ടതാണ്. റിക്കോര്‍ഡിംഗ് കഴിഞ്ഞപ്പോഴേ ഉറപ്പിച്ചു, ഇത് പറക്കും. ആ പ്രതീക്ഷ തെറ്റിയില്ല.’ റാം പറയുന്നു.

ഇറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ മില്യണ്‍ വ്യൂ നേടിയിരുന്നു കിം കിം കിം. ബി. കെ ഹരിനാരായണനാണ് വരികള്‍ എഴുതിയത്. സംസ്‌കൃതവും മലയാളവും ചേര്‍ത്ത രീതിയിലാണ് പാട്ടിലെ വരികളുടെ ഘടനയെന്ന് ഹരിനാരായണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പാട്ടിന് പിന്നാലെ മഞ്ജു ആരംഭിച്ച കിം കിം കിം ഡാന്‍സ് ചാലഞ്ചും ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമാരംഗത്തുള്ളവരടക്കം നിരവധി പേരാണ് ചാലഞ്ച് ഏറ്റെടുത്ത് കിം കിം കിം പാട്ടിന് ചുവടുവെക്കുന്ന വീഡിയോകളുമായി രംഗത്തുവന്നത്.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്ലില്‍ മഞ്ജുവിന് പുറമെ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലണ്ടന്‍, കേരളത്തിലെ ഹരിപ്പാട് എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ദുബായ് ആസ്ഥാനമായി പ്രവൃത്തിക്കുന്ന ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ കൂടി സഹകരണത്തോടെയാണ് ജാക്ക് ആന്റ് ജില്‍ ഒരുങ്ങുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന സിനിമയുടെ അണിയറയില്‍ വിദേശത്ത് നിന്നുമുള്ള സാങ്കേതിക വിദഗ്ദര്‍ കൂടി അണിനിരക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kim Kim Kim song music director talks about Manju Warries singing

We use cookies to give you the best possible experience. Learn more