| Sunday, 26th April 2020, 8:47 pm

ഉത്തരകൊറിയ ഇനി ഒരു വനിത ഭരിക്കുമോ? പ്രതിയോഗികളെ നിഷ്പ്രഭമാക്കി ഈ സ്ത്രീ അധികാരമേറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മരണപ്പെട്ടെന്ന വാര്‍ത്ത ശക്തമാകുന്നതിനിടെ അടുത്ത ഭരണാധികാരിയാരെന്നുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. കിമ്മില്‍ നിന്നും ഉത്തര കൊറിയയുടെ ഭരണം ഏറ്റെടുക്കാന്‍ സാധ്യത അദ്ദേഹത്തിന്റെ സഹോദരി കിം യോ ജോങാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

യു.എസുമായി ചേര്‍ന്നുള്ള സമ്മിറ്റിലും 2018ലെ വിന്റര്‍ ഒളിംപിക്‌സിലും സഹോദരി കിം യോ ജോങ്, കിമ്മിനൊപ്പം ഉണ്ടായിരുന്നു.

പുരുഷ കേന്ദ്രീതൃതമായ ഒരു വ്യവസ്ഥ നിലനില്‍ക്കുന്ന ഉത്തര കൊറിയയില്‍ യോ ജോങ് അധികാരം ഏറ്റെടുത്താലും അധിപതിയായി ചുരുങ്ങാനേ ഇടയുള്ളുവെന്നും കൊറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകന്‍ യൂ ഹോ യോള്‍ പറഞ്ഞു. ഒരു ആണധികാര നേതൃത്വം മാത്രമല്ല, അവിടുത്തെ സാധാരണ ജനതയും ഒരു വനിത ഭരണാധികാരിയാകുന്നതിനെ തടയാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

കിമ്മിന്റെ ആരോഗ്യ നില സംബന്ധിച്ച ദുരൂഹതകള്‍ ഏറിവരുന്ന സാഹചര്യത്തിലാണ് കിം യോ ജോങ് അധികാരമേറ്റെടുക്കുന്നത് സംബന്ധിച്ച് അഭിപ്രായങ്ങള്‍ വരുന്നത്. രണ്ടാഴ്ചയിലധികമായി കിമ്മിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് വിദേശമാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം കൊറിയന്‍ ദ്വീപിന്റെ നിയന്ത്രണം അമേരിക്കയും സോവിയറ്റ് യൂണിയനും ഏറ്റെടുത്തതിന് ശേഷം മൂന്നു തലമുറയായി കിം കുടുംബമാണ് ഉത്തരകൊറിയ ഭരിച്ചു കൊണ്ടിരിക്കുന്നത്.

2011ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് കിം ഉത്തരകൊറിയയുടെ അധികാരമേറ്റെടുക്കുന്നത്.

അതേസമയം കിം ജോങ് ഉന്‍ മരണപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്കിടെ ഉത്തരകൊറിയന്‍ നഗരത്തില്‍ നിന്നുള്ള കിമ്മിന്റെ ഔദ്യോഗിക പ്രത്യേക ട്രെയിനിന്റെ സാറ്റ്ലൈറ്റ് ചിത്രം പുറത്തു വന്നിരുന്നു. അമേരിക്ക കേന്ദ്രമായുള്ള ഒരു ദക്ഷിണകൊറിയന്‍ മോണിറ്ററിംഗ് പ്രൊജക്ടാണ് ചിത്രം പുറത്തു വിട്ടത്.

ഇവര്‍ നല്‍കുന്ന വിവരപ്രകാരം ഏപ്രില്‍ 21-23 എന്നീ ദിവസങ്ങളില്‍ കിമ്മിന്റെ ട്രെയിന്‍ തന്റെ കുടുംബാംഗങ്ങള്‍ക്ക് മാത്രമായിട്ടുള്ള ‘ലീഡര്‍ഷിപ്പ് സ്റ്റേഷനില്‍’ പാര്‍ക്ക് ചെയ്തിരിക്കുകയാണ്.

ഈ ട്രെയിന്‍ ചിത്രം കിമ്മിന്റെ നിലവിലെ സ്ഥിതിയെ പറ്റി കാര്യമായ സൂചനകള്‍ ഒന്നും നല്‍കുന്നില്ലെങ്കിലും കിം രാജ്യത്തിന്റെ കിഴക്കന്‍ തീരത്തെ ഒരു ഉന്നത വസതിയില്‍ താമസിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇത് ആക്കം കൂട്ടുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more