| Thursday, 18th June 2020, 3:13 pm

പറഞ്ഞാല്‍ പറഞ്ഞതു പോലെ; കിമ്മിനോളം വളര്‍ന്ന് സഹോദരി, ഉത്തരകൊറിയ ഈ കര്‍ക്കശക്കാരി നയിക്കുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങള്‍ രൂക്ഷമായി തുടരുകയാണ്. ഇരു രാജ്യങ്ങളുടെയും സഹകരണാര്‍ത്ഥം സ്ഥാപിച്ച ഓഫീസ് കഴിഞ്ഞ ദിവസം തകര്‍ക്കുകയും ചെയ്തു. ദക്ഷിണകൊറിയന്‍ പ്രകോപനങ്ങള്‍ക്ക് ഉടനടി മുന്നറിയിപ്പും മറുപടിയും നല്‍കുന്നത് നലവില്‍ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ആണ്.

കിമ്മിനെതിരെ ലഘുലേഖകള്‍ ജനങ്ങള്‍ക്കായി ഉത്തരകൊറിയയിലേക്കയച്ച ദക്ഷിണകൊറിയന്‍ അധികൃതരുടെ നടപടിക്ക് മുന്നറിയിപ്പ് നല്‍കിയത് ഇവരായിരുന്നു. ദക്ഷിണകൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്നും സമവായത്തിനായി ഉത്തരകൊറിയന്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ച ലെയ്‌സണ്‍ ഓഫീസ് തകര്‍ക്കുമെന്നുമായിരുന്നു ഇവരുടെ ഭീഷണി.

പിന്നാലെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസ് തകരുകയും അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കുമെന്ന് ഉത്തരകൊറിയന്‍ സൈന്യം ഔദ്യോഗികമായി പ്രസ്താവനയിറക്കുകയും ചെയ്തു.

പ്രശ്‌നപരിഹാരത്തിനായി ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ജേ ഉന്‍ നടത്തിയ ആഹ്വാനത്തോട് ബുധനാഴ്ച കിമ്മിന്റെ സഹോദരി ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്.

‘അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നത് അസുഖകരമാണ്. പുറത്ത് വളരെ സാധാരണമായി കാണപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന് സ്വബോധമില്ലെന്ന് തോന്നുന്നു. അത് ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ഞാന്‍ വാക്കുകളുടെ ഒരു ബോംബ് തയ്യാറാക്കുന്നു,’

ഇത്തരത്തില്‍ ഒരു പ്രസ്താവന ഔദ്യോഗികമായി ഇറക്കാന്‍ ഉത്തരകൊറിയയില്‍ കിം ജോങ് ഉന്നുള്‍പ്പെട വളരെ കുറച്ച് പേര്‍ക്കേ അധികാരമുള്ളൂ. കിമ്മിന്റെ പ്രതിനിധിയും പോളിസി കോര്‍ഡിനേറ്ററും പാര്‍ട്ടി ഡെപ്യൂട്ടി ഡിപാര്‍ട്‌മെന്റ് ചീഫുമായ കിം യോ ജോങിന് തന്റെ സ്ഥാനത്തേക്കാളും വലിയ രാഷ്ട്രീയ പ്രാതിനിത്യം ലഭിക്കുന്നുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഉത്തരകൊറിയന്‍ രാഷ്ട്ര പിതാവായ കിം ഇല്‍ സങിന്റെ കൊച്ചുമകളായ കിം യോ ജോങിന് കിമ്മിനോളം രാഷ്ട്രീയ പ്രസക്തി കൈവരിക്കുന്നതില്‍ തടസ്സം സ്ത്രീ അധികാരികളെ അംഗീകരിക്കുന്നതിനുള്ള ഉത്തരകൊറിയന്‍ സമൂഹത്തിന്റെ മടിയാണ്.

എന്നാല്‍ ഇത്തരം ചിന്താഗതികളെ കിമ്മിന്റെ സഹോദരി അതിവേഗമാണ് മറികടക്കുന്നത്. ദക്ഷിണകൊറിയക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ പലപ്പോഴായി ഇവര്‍ നടത്തിയിട്ടുണ്ട്.

ഉത്തരകൊറിയയില്‍ അമേരിക്കക്കെതിരെയും ദക്ഷിണകൊറിയക്കെതിരെയും നില്‍ക്കാന്‍ കഴിയുന്ന ഒരു നേതാവിന് മാത്രമേ രാഷ്ട്രീയ ഭാവി ഉള്ളൂ എന്നാണ് നിരീക്ഷകരുടെ പക്ഷം. കിം കഴിഞ്ഞാല്‍ പിന്നെ ഇതിനു കെല്‍പ്പുള്ളത് കിം യോ ജോങിനാണ്.

‘കിമ്മിന്റെ ആരോഗ്യ സ്ഥിതി മോശമായ സാഹചര്യത്തില്‍ അവിചാരിതമായ ഒരു ഭരണമാറ്റ പദ്ധതിയിലേക്ക് ഉത്തരകൊറിയ മാറുന്നതാണ് നമുക്ക് കാണാനാവുന്നത്. പക്ഷെ ഒരു പ്രശ്‌നമെന്തെന്നാല്‍ അവര്‍ ഒരു സ്ത്രീയും തീരെ ചെറുപ്പവുമാണ്. അതിനാല്‍ അവരുടെ സഹോദരന്‍ ഇവരെ നേതൃത്വത്തിലേക്ക് വരാന്‍ സഹായിക്കുകയും ചെയ്യുന്നു,’ സിയൂളിലെ കൊറിയ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ലിബറല്‍ ഡെമോക്രസിയിലെ യൂ ഢോങ് റില്‍ എന്ന ഉത്തരകൊറിയന്‍ സെപ്ഷ്യലിസ്റ്റ് പറയുന്നു.

കിം ജോങ് ഉന്നിന് ഭാര്യയായ റി സൊല്‍ ജുവില്‍ മൂന്ന് മക്കളുണ്ട്. എന്നാല്‍ ഇവര്‍ തീരെ ചെറിയ കുട്ടികളാണ്. 2017 ലാണ് മൂന്നാമത്തെ കുട്ടി ജനിച്ചതെന്നാണ് വിവരം.

അതിനാല്‍ കിമ്മിനു ശേഷം അധികാരത്തില്‍ വരാന്‍ സാധ്യത കല്‍പ്പിക്കുന്നത് കിമ്മിന്റെ സഹോദരിക്കു തന്നെയാണ്.

കിമ്മിനേക്കാളും നാലു വയസിളപ്പമാണ് ഇവര്‍ക്ക്. കിമ്മും ജോങും സ്വിറ്റ്സര്‍ലന്‍ഡില്‍ ഒരുമിച്ചാണ് രഹസ്യമായി പഠിച്ചത്. ബോഡി ഗാര്‍ഡ്സുകള്‍ക്കും അതീവ സുരക്ഷയ്ക്കുമിടയിലുള്ള ഈ രഹസ്യ ജീവിതത്തിനിടെ ഇരു സഹോദരങ്ങളും തമ്മില്‍ വല്ലാത്ത ആത്മ ബന്ധവും ഉടലെടുത്തിട്ടുണ്ട്.

‘ അവര്‍ ഫലത്തില്‍ വിദേശത്ത് ഒരുമിച്ചായിരുന്നു. ഇരുവര്‍ക്കും ഭാവി എന്താകുമെന്നറിയാമായിരുന്നു. അവര്‍ക്ക് പൊതുവായി ഒരു ഭാവി ഉണ്ടെന്നുള്ള ബോധം ഉണ്ടായിരിക്കണം. തല്‍ഫലമായി അവള്‍ക്ക് അവരുടെ സഹോദരന്റെ നിരുപാധിക വിശ്വാസം നേടാനായി,’

സിയൂളിലെ യോന്‍സൈ സര്‍വകലാശാലയില്‍ ഉത്തരകൊറിയന്‍ പഠന വിഭാഗത്തിലെ ഗവേഷകനായ യോങ് ഷിക്ക് ബോങ് പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

We use cookies to give you the best possible experience. Learn more