പ്യോങ്യാങ്: രാജ്യത്തിന്റെ തലസ്ഥാനമായ പ്യോങ്യാങിനും സിയോളിനും ഇടയിലുള്ള കൊറിയയയുടെ ഏകീകരണം സാധ്യമല്ലെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ദക്ഷിണ കൊറിയയയുടെ ആശയങ്ങളും തത്വങ്ങളും തന്റെ രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരായതിനാല്‍ ഏകീകരണം നടക്കില്ലെന്ന് കിം ജോങ് ഉന്‍ പറഞ്ഞു. ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരിന്നു കിം.
‘രണ്ട് ഭരണസംവിധാനമുള്ള ഒരു രാഷ്ട്രം’ എന്നതാണ് കൊറിയയുടെ ഏകീകരണത്തിനായി ഉത്തര കൊറിയ മുന്നോട്ട് വെക്കുന്ന ആശയം. എന്നാല്‍ സ്വാംശീകരണത്തിലൂടെയുള്ള ലിബറല്‍ ജനാധിപത്യത്തിന് കീഴിലുള്ള ഏകീകരണമെന്ന ദക്ഷിണ കൊറിയയയുടെ ആശയം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കിം ജോങ് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ബന്ധം നിലവില്‍ ശത്രുതാപരമായി മാറിയിരിക്കുകയാണെന്നും കിം ചൂണ്ടിക്കാട്ടി.
ദക്ഷിണ കൊറിയ നിലവില്‍ കൊളോണിയല്‍ കീഴ്‌വഴക്കമുള്ള രാഷ്ട്രമാണെന്നും രാജ്യത്തെ രാഷ്ട്രീയം പൂര്‍ണമായും ക്രമരഹിതമാണെന്നും കിം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ കൊറിയയുടെ പ്രതിരോധവും സുരക്ഷയും അമേരിക്കയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് കിം വിമര്‍ശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2018ല്‍ ഉത്തര-ദക്ഷിണ കൊറിയകള്‍ സമഗ്ര സൈനിക ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നു. പരസ്പരം ശത്രുതാപരമായ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചതായാണ് ഉടമ്പടിയില്‍ പറയുന്നത്.
എന്നാല്‍ ഉടമ്പടിയില്‍ പറയുന്ന ഏതാനും നിര്‍ദേശങ്ങള്‍ ദക്ഷിണ കൊറിയ താത്കാലികമായി നിര്‍ത്തുകയും വ്യോമ നിരീക്ഷണം പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി 2018 മുതല്‍ നിര്‍ത്തിവച്ച എല്ലാ നടപടികളും പുനഃസ്ഥാപിക്കുമെന്ന് ഉത്തര കൊറിയയും അറിയിച്ചു.
Content Highlight: Kim Jong Un says unification of North and South Korea is impossible