| Monday, 1st January 2018, 9:32 am

ആണവായുധത്തിന്റെ ബട്ടന്‍ എന്റെ മേശയിലാണെന്ന് മനസിലാക്കിയാല്‍ നന്ന്; പുതുവത്സര പ്രസംഗത്തില്‍ യു.എസിന് മുന്നറിയിപ്പുമായി കിം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോള്‍: തങ്ങളുടെ കൈവശമുള്ള അണ്വായുധങ്ങളാണ് യു.എസിനെ യുദ്ധത്തില്‍നിന്നു പിന്തിരിപ്പിക്കുന്നതെന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. ഉത്തരകൊറിയയുടെ ആണവായുധ ശേഷി ഭീഷണിയല്ല, യാഥാര്‍ഥ്യമാണെന്ന് യു.എസ് മനസ്സിലാക്കണമെന്ന് കിം ജോങ് ഉന്‍ പറഞ്ഞു.

യു.എസിനെ മുഴുവന്‍ ബാധിക്കാവുന്ന തരം അണ്വായുധങ്ങളാണ് ഉത്തര കൊറിയയുടെ കൈവശമുള്ളത്. ഇതു യു.എസിനും അറിയാം. അതിനാല്‍ അവരൊരിക്കലും ഉത്തര കൊറിയയുമായി യുദ്ധത്തിന് ഒരുമ്പെടില്ല.

ആണവായുധങ്ങളുടെ ബട്ടന്‍ എന്റെ മേശയിലാണുള്ളതെന്ന കാര്യം യു എസ് മനസ്സിലാക്കണമെന്നും കിം പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുവര്‍ഷത്തോട് അനുബന്ധിച്ചു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കിം.

രാജ്യാന്തര മുന്നറിയിപ്പുകളും ഉപരോധങ്ങളും ഏര്‍പ്പെടുത്തിയെങ്കിലും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും അണ്വായുധങ്ങളും ഹൈഡ്രജന്‍ ബോംബും ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു.

ആണവശക്തി കൈവരിച്ചതിലൂടെ രാജ്യം ചരിത്രപരമായ ഒരു ചുവടുവയ്പ്പാണ് നടത്തിയത്. അണ്വായുധങ്ങളുടെയും ബാലിസ്റ്റിക് മിസൈലുകളുടെയും വന്‍തോതിലുള്ള നിര്‍മാണത്തില്‍ ഈ വര്‍ഷം ശ്രദ്ധ കേന്ദ്രീകരിക്കണം.

നമ്മുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടാകുമ്പോള്‍ മാത്രമേ ഇവ ഉപയോഗിക്കുകയുള്ളു. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സൈനിക പിരിമുറുക്കങ്ങള്‍ കുറയ്ക്കണം. ദക്ഷിണ കൊറിയയുമായുള്ള ബന്ധം പുതുക്കണം. ചര്‍ച്ചയുടെ പാത തുറന്നിട്ടിരിക്കുകയാണെന്നും കിം വ്യക്തമാക്കി.

ദക്ഷിണ കൊറിയയുമായി മെച്ചപ്പെട്ട ബന്ധത്തിന് ശ്രമിക്കണമെന്നും കിം പറഞ്ഞു. പ്യോങ്യാങില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സിന് കിം ആശംസകള്‍ നേരുകയും ചെയ്തു.

ഒളിംപിക്‌സില്‍ ഉത്തര കൊറിയ പങ്കെടുക്കുന്നതിലൂടെ ജനങ്ങളുടെ ഐക്യം കാണിക്കാനുള്ള അവസരമാണ് ഉണ്ടാകുന്നത്. ഒളിംപിക്‌സ് വന്‍ വിജയമാകട്ടെയെന്ന് ആശംസിക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇരു കൊറിയകളുടെയും പ്രതിനിധികള്‍ ഉടന്‍തന്നെ യോഗം ചോരണമെന്നും കിം ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more