സിയൂള്‍: ദക്ഷിണകൊറിയക്കെതിരെ നടപടിയെടുക്കുമെന്നും അതിനായി സൈന്യത്തെ ഏര്‍പ്പാടാക്കുമെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോങ് ജോങ്. ദക്ഷിണ കൊറിയന്‍ അധികൃതരുമായി വേര്‍പെടേണ്ട സമയം അതിക്രമിച്ചരിക്കുന്നു എന്നും യോങ് ജോങ് പറഞ്ഞതായി ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമം കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘എനിക്ക് തോന്നുന്നു ദക്ഷിണകൊറിയയിലെ അധികാരികളുമായുള്ള ബന്ധം വേര്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന്. എത്രയും പെട്ടെന്ന് തന്നെ ഞങ്ങള്‍ അടുത്ത നടപടികളിലേക്ക് കടക്കും,’ ജോങ് പറഞ്ഞു.
ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥര്‍ ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോഗ്യാങ്ങിനെതിരെയുള്ള ലഘുലേഖകള്‍ അതിര്‍ത്തിയില്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച മുതല്‍ ഉത്തര കൊറിയയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദക്ഷിണകൊറിയക്കെതിരെ ജോങ് ഭീഷണിയുയര്‍ത്തിയിരിക്കുന്നത്.
‘നമ്മുടെ ഭരണാധികാരിയും പാര്‍ട്ടിയും എനിക്ക് അനുവദിച്ച് തന്ന അധികാരമുപയോഗിച്ച് അതിര്‍ത്തിയില്‍ ശത്രുക്കള്‍ നടത്തുന്ന നീക്കത്തിനെതിരെ നടപടിയെടുക്കാന്‍ ഞാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി,’ ജോങ് പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് ശരിയായ നടപടി സ്വീകരിക്കാനുള്ള അവകാശം സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫിനാണിന്നെന്നും അവര്‍ പറഞ്ഞു.
ദക്ഷിണകൊറിയക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് പറഞ്ഞില്ലെങ്കിലും ഉത്തരകൊറിയന്‍ അതിര്‍ത്തിയിലെ ജോയിന്റ് ലിയായിസണ്‍ ഓഫീസ് തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സമവായ ശ്രമങ്ങളുടെ ഭാഗമായി 2018 ല്‍ ഉത്തരകൊറിയന്‍ അതിര്‍ത്തിയായ കെയ്സൊങില്‍ സംയുക്തമായി സ്ഥാപിച്ച ഓഫീസാണിത്.ലഘുലേഖ വിവാദത്തെ തുടര്‍ന്ന് നേരത്തെ ഈ ഓഫീസ് അടച്ചു പൂട്ടിയിരുന്നു.
‘ഏറെ വൈകാതെ ഉത്തര-ദക്ഷിണ ലിയായിസണ്‍ ഓഫീസ് മുഴുവനായും തകര്‍ന്നുവീഴുന്നതും നിങ്ങള്‍ കാണും,’ ജോങ് പറഞ്ഞു.
പ്രകോപനപരമായ ലഘുലേഖകള്‍ക്ക് പിന്നാലെ പ്യോഗ്യാങില്‍ നിന്ന് നിരവധി ഔദ്യോഗിക പ്രസ്താവനകള്‍ വന്നിരുന്നു. ഉത്തരകൊറിയയിലേക്ക് ലഘുലേഖകള്‍ ബലൂണുകളില്‍ അതിര്‍ത്തിയില്‍ പറത്തി വിടുകയായിരുന്നു ദക്ഷിണകൊറിയന്‍ അധികൃതര്‍. കിം ജോങ് ഉന്നിനെയും ഉത്തരകൊറിയയിലെ ഭരണത്തെയും വിമര്‍ശിക്കുന്നതായിരുന്നു ഈ ലഘുലേഖകള്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക