| Wednesday, 23rd November 2022, 12:30 pm

ഭയംകൊണ്ട് കുരക്കുന്ന പട്ടിയാണ് അമേരിക്ക; യു.എന്നിന് ഇരട്ടത്താപ്പ്, പരിണിതഫലം അനുഭവിക്കേണ്ടി വരും; പ്രതികരിച്ച് കിം ജോങ് ഉന്നിന്റെ സഹോദരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോള്‍: അമേരിക്കക്കും ഐക്യരാഷ്ട്രസഭക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ കിം യോ ജോങ് (Kim Yo Jong).

യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന് ഇരട്ടത്താപ്പാണെന്നാണ് യോ ജോങ് ആരോപിക്കുന്നത്. ഉത്തര കൊറിയ ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ (ICBM) ലോഞ്ച് ചെയ്തതിന് പിന്നാലെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തതിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ പ്രതികരണം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഏറ്റവും പവര്‍ഫുളായ പരീക്ഷണങ്ങളിലൊന്നായ ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ ലോഞ്ച് ചെയ്തത്. കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം നടത്തിയത്. ‘മോണ്‍സ്റ്റര്‍ മിസൈല്‍’ (monster missile) എന്നാണ് ഇതിനെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്.

ഇതിന് പിന്നാലെ തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ വെച്ച് ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു.

എന്നാല്‍ ദക്ഷിണ കൊറിയയും അമേരിക്കയുമൊക്കെ നടത്തുന്ന അപകടകരമായ മിലിറ്ററി ഡ്രില്ലുകളെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ കണ്ടില്ലെന്ന് നടക്കുകയാണെന്നാണ് യോ ജോങ് പറയുന്നത്.

കൊറിയയുടെ ഔദ്യോഗിക സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് (KCNA) വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

”ദക്ഷിണ കൊറിയയും അമേരിക്കയും നടത്തുന്ന, വളരെ അപകടകരമായ സൈനിക അഭ്യാസങ്ങള്‍ക്കും അവരുടെ ആയുധ ശേഖരണത്തിനും നേരെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ കണ്ണടക്കുകയാണ്.

ഇത് വളരെ പ്രത്യക്ഷമായുള്ള ഇരട്ടത്താപ്പാണ്,” യോ ജോങ് ആരോപിച്ചു.

ഭയംകൊണ്ട് കുരക്കുന്ന പട്ടിയെ പോലെയാണ് അമേരിക്കയെന്നും അവര്‍ പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഭയത്താല്‍ പിടികൂടിയ കുരയ്ക്കുന്ന പട്ടി, എന്ന് താന്‍ ഉപമിച്ച അമേരിക്ക, ഉത്തര കൊറിയയെ പുതിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്നും ഇതിനെതിരെ ഏറ്റവും കടുത്തഭാഷയില്‍ തന്നെ പ്രതിരോധം തീര്‍ക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

”ഡി.പി.ആര്‍.കെ (Democratic People’s Republic of Korea) വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അവര്‍ എത്രത്തോളം ഇടപെടുന്നോ അത്രത്തോളം അത് കൂടുതല്‍ മാരകമായ സുരക്ഷാ പ്രതിസന്ധിക്ക് വഴിവെക്കും,” കിം യോ ജോങ് കൂട്ടിച്ചേര്‍ത്തു.

ഉത്തര കൊറിയന്‍ നയതന്ത്രജ്ഞ കൂടിയായ കിം യോ ജോങ് വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയയുടെ പബ്ലിസിറ്റി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡെപ്യൂട്ടി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്.

അതേസമയം, സഖ്യകക്ഷികളായ ദക്ഷിണ കൊറിയക്കും ജപ്പാനും നല്‍കിവരുന്ന സുരക്ഷ വര്‍ധിപ്പിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ഉത്തര കൊറിയയും റഷ്യയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

Content Highlight: Kim Jong Un’s sister Kim Yo-jong accuses UN of double standards over US and South Korea’s military drills

Latest Stories

We use cookies to give you the best possible experience. Learn more