| Saturday, 5th March 2022, 9:14 am

ദക്ഷിണ കൊറിയന്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോള്‍: ദക്ഷിണ കൊറിയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ.

ശനിയാഴ്ചയായിരുന്നു മിസൈല്‍ പരീക്ഷണമെന്നാണ് റിപ്പോര്‍ട്ട്. കൊറിയന്‍ പെനിന്‍സുലക്ക് കിഴക്കുവശത്ത് കടല്‍ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് നടത്തിയതെന്നാണ് പ്രദേശത്തെ സൈന്യം പ്രതികരിച്ചത്.

ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫും ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ട്.

ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മിസൈല്‍ പരീക്ഷണമെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. മാര്‍ച്ച് ഒമ്പതിനാണ് ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ വര്‍ഷത്തെ മാത്രം ഒമ്പതാമത് മിസൈല്‍ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയത്. ഫെബ്രുവരി 27നായിരുന്നു കിം ജോങ് ഉന്നിന്റെ ഭരണകൂടം അവസാനമായി മിസൈല്‍ പരീക്ഷണം നടത്തിയത്.

ഉത്തര കൊറിയയിലെ മിസൈല്‍- ആണവ പരീക്ഷണങ്ങളെക്കുറിച്ച് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ’38 നോര്‍ത്ത് പ്രോജക്ട്’ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തര കൊറിയയെ നിരീക്ഷിക്കുന്ന സംവിധാനമാണ് 38 നോര്‍ത്ത് പ്രോജക്ട്.

ഉത്തര കൊറിയയുടെ ആണവ സംവിധാനങ്ങള്‍ ശക്തമാണെന്നും ആണവായുധങ്ങള്‍ക്ക് വേണ്ട ഇന്ധനം കൊറിയ ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും ആണവനിര്‍മാണ സംവിധാനങ്ങള്‍ രാജ്യം വികസിപ്പിക്കുന്നുണ്ടെന്നുമായിരുന്നു 38 നോര്‍ത്ത് പ്രോജക്ട് പറഞ്ഞത്.

ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചുകള്‍ക്ക് ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. ആയുധ പ്രോഗ്രാമുകളുടെ പേരില്‍ ഉത്തര കൊറിയയുടെ മേല്‍ യു.എന്നിന്റെ ഉപരോധവുമുണ്ട്.

മുന്‍കൂര്‍ നിബന്ധനകളൊന്നും വെക്കാതെ ഉത്തര കൊറിയയുമായി തുറന്ന ചര്‍ച്ചക്ക് തയാറാണെന്ന് യു.എസ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ യു.എസിന്റെയും സഖ്യരാജ്യങ്ങളുടെയും ശത്രുതാ മനോഭാവത്തോടെയുള്ള പോളിസികള്‍ ഉപേക്ഷിച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് തയാറുള്ളൂ എന്നായിരുന്നു കിം ജോങ് ഉന്‍ പക്ഷത്ത് നിന്നുള്ള പ്രതികരണം.


Content Highlight: North Korea conducts ninth missile test of the year ahead of South Korea election

We use cookies to give you the best possible experience. Learn more