സിയോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോ ഉന്നിന്റെ ആരോഗ്യസ്ഥിതി അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. സി.എന്‍.എന്നാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കിമ്മിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ കിമ്മിന്റെ ആരോഗ്യസംബന്ധമായ വാര്‍ത്തകളില്‍ ഉത്തര കൊറിയന്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. ദേശീയ സുരക്ഷാ കൗണ്‍സിലും ദേശീയ ഇന്റലിജന്‍സ് ഡയറക്ടറും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുറച്ചുനാളുകളായി കിം പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഏപ്രില്‍ 15 ന് കിമ്മിന്റെ മുത്തച്ഛനും ഉത്തരകൊറിയയുടെ രാഷ്ട്രപിതാവുമായ കിം സംഗിന്റെ ജന്മദിനാഘോഷചടങ്ങുകളിലും പങ്കെടുത്തിരുന്നില്ല.
അമിതമായ പുകവലി, അമിതവണ്ണം, അമിത ജോലി എന്നിവ കാരണം കിം ഹൃദയസംബന്ധമായ വെല്ലുവിളികള്‍ നേരിടുകയാണെന്നും ഹ്യാങ്സാന്‍ കൗണ്ടിയിലെ ഒരു വില്ലയില്‍ ചികിത്സയിലാണെന്നും നേരത്തെ ദക്ഷിണ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം കിമ്മിന് മസ്തിഷ്‌കമരണം സംഭവിച്ചുവെന്ന് ചില അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാധ്യമങ്ങള്‍ക്ക് വലിയ നിയന്ത്രണമുള്ള രാജ്യമാണ് ഉത്തര കൊറിയ.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.