സോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ മനുഷ്യത്വരഹിത നടപടികളുടെ വാര്‍ത്തകള്‍ വീണ്ടും പുറത്തുവരുന്നു.
ദക്ഷിണ കൊറിയന്‍ വീഡിയോ കണ്ടതിന്റെയും വിതരണം ചെയ്തതിന്റെയും പേരില്‍ മൂന്ന് വര്‍ഷത്തിനിടെ ഏഴ് പേരെ കിം വധിച്ചിട്ടുണ്ടെന്നാണ് ഒരു മനുഷ്യാവകാശ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്.
ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രാന്‍സിഷണല്‍ ജസ്റ്റിസ് വര്‍ക്കിംഗ് ഗ്രൂപ്പ് എന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
2012നും 2015നും ഇടയിലാണ് ഏഴ് പേരെയും വധിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2012 മുതല്‍ 2014 വരെയുള്ള സമയത്തിനിടയില്‍ ആറ് പേരെയും 2015ല്‍ ഒരാളെയും വധിച്ചതായും പറയുന്നു.
സൗത്ത് കൊറിയന്‍ സിനിമകളുടെയും മ്യൂസിക് വീഡിയോകളുടെയും സി.ഡികളും അവയടങ്ങിയ യു.എസ്.ബികളും വിറ്റതിന് ഉത്തര കൊറിയയില്‍ മുമ്പ് യുവാവിനെ പൊതുനിരത്തില്‍ വെച്ച് തൂക്കിലേറ്റിയതായും വാര്‍ത്ത പുറത്തുവന്നിരുന്നു. 2021 മെയില്‍ ദക്ഷിണ കൊറിയയിലെ മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങളുയര്‍ന്ന് വരാന്‍ തുടങ്ങിയതില്‍പിന്നെ പബ്ലിക് ആയി നടത്തിയിരുന്ന വധശിക്ഷകള്‍ ഉത്തര കൊറിയ രഹസ്യമായി നടപ്പിലാക്കാന്‍ തുടങ്ങിയെന്നും ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.