|

മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ ഇനി കൂടുകയേയുള്ളൂ, വൈകുന്നേരത്തെ ചര്‍ച്ചകളില്‍ അവതാരകര്‍ ആളിക്കത്തിക്കാന്‍ നോക്കുന്നു: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്ത് മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും ആക്രമണങ്ങളും ഇനിയുള്ള കാലത്ത് വര്‍ദ്ധിക്കുകയേയുള്ളൂവെന്ന് നടന്‍ ജഗദീഷ്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ചതിന് ശേഷം അതിന്റെ പേരിലുള്ള ആക്രമണങ്ങള്‍ ഇല്ലാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ലെന്നും ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ എല്ലാ ദിവസവും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും ജഗദീഷ് പറഞ്ഞു.

വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചകളില്‍ അവതാരകര്‍ അവരുടെ വാക്ചാതുര്യം ഉപയോഗിച്ച് ഇത്തരം ആക്രമണങ്ങള്‍ ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാട്ടില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ജഗദീഷ് പറഞ്ഞു.

‘ രാഷ്ട്രീയപാര്‍ട്ടികള്‍ രൂപീകരിച്ചിട്ട് അക്രമം ഇല്ലാത്ത ഏതെങ്കിലുമൊരു ദിവസം ഉണ്ടായിട്ടുണ്ടോ? റിപ്പോര്‍ട്ട് ചെയ്യുന്നത് കാണില്ലായിരിക്കും. പക്ഷെ, ഏതെങ്കിലുമൊരു കോണില്‍, അന്തരീക്ഷത്തില്‍ ലതാമങ്കേഷ്‌കറിന്റെയും റാഫിയുടെയും കിഷോര്‍ കുമാറിന്റെയും പാട്ടുകള്‍ ഉണ്ടെന്ന് പറയുന്നത് പോലെ, എവിടെയും പാര്‍ട്ടിയുടെ അടിസ്ഥാനത്തില്‍ ഒരാളെ വെട്ടിക്കൊല്ലുക, പാര്‍ട്ടിയില്‍ നിന്ന് മാറുകയാണെങ്കില്‍ അടുത്ത ദിവസം അയാളെ തട്ടിക്കളയുക എന്നിവ സംഭവിക്കുന്നുണ്ട്.

ഞാന്‍ ഏതെങ്കിലുമൊരു പാര്‍ട്ടിയെ അല്ല പറയുന്നത്. ഏത് പാര്‍ട്ടിയുടെ ആയിക്കൊള്ളട്ടേ. പാര്‍ട്ടികള്‍ തമ്മിലുള്ള വഴക്കുകള്‍, കൊലപാതകങ്ങള്‍ എന്നിവക്ക് കുറവ് വന്നിട്ടില്ല, കൂടിയിട്ടേയുള്ളൂ.

ഇനി മതങ്ങളുടെ കാര്യം തന്നെ നോക്കൂ, മതങ്ങള്‍ക്കകത്ത് തന്നെ ശാഖകള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. ഒരു മതത്തിനകത്ത് തന്നെ പല തരത്തിലുള്ള വിഭാഗങ്ങളുണ്ട്. പല വിശ്വാസങ്ങളുണ്ട്. ഈ മതങ്ങള്‍ക്കകത്ത് തന്നെ വിശ്വാസത്തിന്റെ പേരില്‍ അങ്ങോട്ടും ഇങ്ങോട്ടും ഫൈറ്റ് ചെയ്യുന്നുണ്ട്.

മതമുണ്ടായ കാലം മുതല്‍ തന്നെ മതങ്ങള്‍ തമ്മില്‍ യുദ്ധത്തിലാണ്. ഒരു പ്രവചനം ഞാന്‍ നടത്തുകയാണ്. മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ ഇനി കൂടുകയേയുള്ളൂ, കുറയില്ല. ഓരോ വര്‍ഷം കഴിയുമ്പോഴും ആയിരങ്ങള്‍ ഇനിയും മരിക്കാനിരിക്കുന്നു. എന്റെയൊരു പെസിമിസ്റ്റ് ചിന്താഗതിയാണെന്ന് വിചാരിച്ചോളൂ.

ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലുള്ള പ്രശ്‌നം ഒഴിവാക്കാന്‍ അക്ബര്‍ ദീന്‍ ഇലാഹി എന്ന മതം കൊണ്ടു വന്നില്ലേ. എന്നിട്ട് എന്തെങ്കിലും ഗുണമുണ്ടായോ? മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എല്ലാ കാലത്തുമുണ്ട്. വൈകുന്നേരത്തെ ചര്‍ച്ചകളില്‍ അവതാരകന്‍ തന്നെ ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.

കാരണം, അയാള്‍ക്ക് നല്ല പതസമ്പത്തുണ്ടെങ്കില്‍ ഏതെങ്കിലുമൊരു മതത്തിന്റെ ആളുകള്‍ കത്തികൊണ്ട് കുത്തി വയര്‍ കീറിയെടുത്തതിന്റെയും മറ്റേ മതക്കാര്‍ കഴുത്തറുത്തതിന്റെയും കഥ പറഞ്ഞ് കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകനില്‍ അകാരണമായി വികാരമുണ്ടാക്കാന്‍ ഒരു ശ്രമമാണ് അവിടെ നടക്കുന്നത്, ജഗദീഷ് പറഞ്ഞു.

content highlights: Killings in the name of religion will only increase, anchors look to inflame evening debates: Jagadish