| Saturday, 2nd November 2024, 6:18 pm

ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകം; അമിത് ഷായ്ക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ കാനഡക്കെതിരെ ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഖലിസ്ഥാന്‍ നേതാവ് നിജ്ജറിന്റെ കൊലപാതത്തില്‍ അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ വിമര്‍ശനവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. കനേഡിയന്‍ മന്ത്രി നടത്തിയ ആരോപണം അടിസ്ഥാന രഹിതവും അസംബന്ധവുമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കാനഡയിലെ സിഖ്കാര്‍ക്കെതിരെ ആക്രമണം നടത്താനും ഭീഷണിപ്പെടുത്താനും രഹസ്യാന്വേഷണത്തിനും അമിത് ഷാ ഉത്തരവിട്ടിരുന്നുവെന്ന് കാനഡ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണ്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

അമിത് ഷായ്ക്ക് നിജ്ജറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപണങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. വാഷിങ്ടണ്‍ പോസ്റ്റിന് സ്ഥിരീകരിച്ച വിവരങ്ങളാണ് നല്‍കിയതെന്ന് കനേഡിയന്‍ പാര്‍ലമെന്റ് അംഗങ്ങളും പറഞ്ഞിരുന്നു.

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനും മറ്റ് രാജ്യങ്ങളെ സ്വാധീനിക്കാനുമുള്ള നീക്കമാണ് നടക്കുന്നതെന്നും ബോധപൂര്‍വം അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെതിരെ പ്രതിഷേധം രേഖപ്പെടുത്താന്‍ കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ നേരിട്ട് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

നിജ്ജറിന്റെ കൊലപാതകവുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയെന്ന് കഴിഞ്ഞ ദിവസം കാനഡ സ്ഥിരീകരിക്കുകയുണ്ടായി.

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് വിള്ളലേറ്റിരുന്നു. നിജ്ജറുടെ കൊലപാതകത്തിന് പിന്നില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നത്.

നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ബന്ധമുണ്ടെന്നും ഇവര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നുമായിരുന്നു കാനഡയുടെ വാദം. ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല, തെളിവുകളാണ് നിരത്തേണ്ടതെന്ന് ഇന്ത്യയും പ്രതികരിച്ചിരുന്നു.

Content Highlight: Killing of Khalistan leader; External Affairs Ministry criticizes Canada for alleged involvement of Amit Shah

We use cookies to give you the best possible experience. Learn more