ഒട്ടാവ: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയെന്ന് സ്ഥിരീകരിച്ച് കാനഡ. കാനഡയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് നിര്‍ണായക വിവരങ്ങള്‍ നല്‍കിയെന്ന കാര്യം സ്ഥിരീകരിച്ചത്.
നിര്‍ണായക വിവരങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയെന്ന് പാര്‍ലമെന്റ് പബ്ലിക് സേഫ്റ്റി കമ്മറ്റിക്ക് മുമ്പാകെയാണ് സുരക്ഷാ ഉപദേഷ്ടാവ് വെളിപ്പെടുത്തിയത്.
കാനഡയിലെ സിഖുകാര്‍ക്കെതിരെ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് കനേഡിയന്‍ സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ രഹസ്യാന്വേഷണ ഉപദേഷ്ടാവ് നതാലി ഡ്രൂയില്‍ പാര്‍ലമെന്ററി പാനലില്‍ മൊഴി നല്‍കുകയായിരുന്നു.
നിലവില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തില്‍ കാനഡയുടെ നിലപാട് വ്യക്തമാക്കാന്‍ ജസ്റ്റിന്‍ ട്രൂഡോയുടെ അനുമതി ആവശ്യമില്ലെന്നും ഉപദേഷ്ടാവ് വ്യക്തമാക്കി.
ഇന്ത്യ- കാനഡ ബന്ധത്തിലെ എല്ലാ വിവരങ്ങളും തങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയെന്നും കൂടാതെ കനേഡിയന്‍ ജനതയ്‌ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിരിക്കുന്ന തെളിവുകളും വിശദീകരിച്ചുവെന്നും ഉപദേഷ്ടാവ് കൂട്ടിച്ചേര്‍ത്തു.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് വിള്ളലേറ്റിരുന്നു. നിജ്ജറുടെ കൊലപാതകത്തിന് പിന്നില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നത്.