ഭോപ്പാല്‍: പൊലീസ് വെടിവെപ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെടുന്നത് വലിയ സംഭവമൊന്നുമല്ലെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറിയും മധ്യപ്രദേശിലെ പ്രധാന നേതാവുമായ കൈലാഷ് വിജയവാര്‍ഗിയ.
“മധ്യപ്രദേശില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം വലിയ സംഭവമായി നിങ്ങള്‍ക്ക് തോന്നാം. മധ്യപ്രദേശ് എന്നത് വലിയൊരു സംസ്ഥാനമാണ്. മൂന്നാല് ജില്ലകളില്‍ ചെറിയ എന്തെങ്കിലും സംഭവമുണ്ടായാല്‍ അത് വലിയ പ്രശ്‌നമൊന്നുമല്ല. ഒന്നോ രണ്ടോ ജില്ലയില്‍ പ്രശ്‌നമുണ്ടായാല്‍ അത് എങ്ങനെ സംസ്ഥാനത്തിനുമൊത്തം കളങ്കമാകും?” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മധ്യപ്രദേശില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തെയും വലിയ തോതിലുള്ള പ്രതിഷേധങ്ങളെയും എങ്ങനെ കാണുന്നു എന്ന ചോദ്യത്തോടു പ്രതികരിച്ചുകൊണ്ട് ടൈംസ് നൗ ചാനലിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കര്‍ഷകര്‍ മുഖ്യമന്ത്രിയെയും സര്‍ക്കാറിന്റെ ലക്ഷ്യങ്ങളെയും നയങ്ങളെയും പ്രശംസിച്ചിട്ടുണ്ട്. താഴേക്കിടയിലുള്ള കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നത് കുറവാണ് എന്ന കാര്യം സമ്മതിക്കുന്നു. അവര്‍ക്ക് ഇതിന്റെ പേരില്‍ വിഷമമുണ്ട്.” എന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശില്‍ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിരാഹാരമിരിക്കുന്ന വേളയിലാണ് ഇതൊന്നും വലിയ സംഭവമല്ല എന്ന തരത്തിലുള്ള ബി.ജെ.പി നേതാവിന്റെ പ്രസ്താവന വന്നിരിക്കുന്നത്.