| Wednesday, 25th September 2024, 11:03 pm

ഹിസ്ബുള്ള കമാന്‍ഡര്‍മാരെ കൊന്നതുകൊണ്ട് മാത്രം അവരെ മുട്ടുകുത്തിക്കാനാവില്ല: ആയത്തുള്ള അലി ഖമനേനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഹിസ്ബുള്ള കമാന്‍ഡര്‍മാരെ കൊലപ്പെടുത്തിയതുകൊണ്ട് മാത്രം ലെബനനിലെ സായുധസംഘടനയായ ഹിസ്ബുള്ളയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേനി. ഹിസ്ബുള്ളയുടെ സംഘടനാ ശക്തിയും അധികാരവും അവര്‍ കരുതുന്നതിനെക്കാള്‍ കൂടുതലാണെന്ന് പറഞ്ഞ ഖമനേനി ആക്രമണങ്ങള്‍ അമേരിക്കയുടെ അറിവോടെയാണെന്നും കുറ്റപ്പെടുത്തി.

കൂടാതെ നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുമ്പായി ബൈഡന്‍ ഭരണകൂടത്തിന് സയണിസ്റ്റ് രാജ്യത്തിന്റെ വിജയം ഉറപ്പിക്കണമായിരുന്നെന്നും ഖമനേനി കൂട്ടിച്ചേര്‍ത്തു. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹിസ്ബുള്ളയുടെ ചില വിലപ്പെട്ട ശക്തികള്‍ രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. അത് തീര്‍ച്ചയായും ഹിസ്ബുള്ളയ്ക്ക് നാശം തന്നെയാണ് സമ്മാനിച്ചത്. എന്നാല്‍ അതൊരിക്കലും അവരെ മുട്ടുകുത്തിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള നാശനഷ്ടമായിരുന്നില്ല. കാരണം അവരുടെ സംഘടനാ, മാനുഷിക ശക്തികള്‍ അവര്‍ വിചാരിച്ചതിലും വലുതാണ്. അതിനാല്‍ തന്നെ ഈ രക്തസാക്ഷിത്വങ്ങള്‍ അവരുടെ ശക്തിയെ ബാധിക്കുന്നതല്ല.

അതേസമയം ലെബനനില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ഖമനേനി യു.എസിനെയും കുറ്റപ്പെടുത്തുകയുണ്ടായി. ഇസ്രയേലിന്റെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന് വാഷിങ്ടണിന്റെ അവകാശവാദങ്ങള്‍ തള്ളിയ ഖമനേനി അമേരിക്കയ്ക്ക് ഇക്കാര്യം അറിയാമായിരുന്നെന്നും കുറ്റപ്പെടുത്തി.

‘നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൈഡന്‍ ഭരണകൂടത്തിന് സയണിസ്റ്റ് രാജ്യത്തിന്റെ വിജയം ആവശ്യമാണ്,’ ഖമനേനി പറഞ്ഞു.

ഇതുവരെ വിജയം ഫലസ്തീനും ഹിസ്ബുള്ളയ്ക്കുമായിരുന്നു. അതിനാല്‍ ഈ യുദ്ധത്തിലെ അന്തിമ വിജയം ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഫ്രണ്ടിനും ഹിസ്ബുള്ളയ്ക്കുമായിരിക്കും,’ ഖമനേനി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇസ്രഈല്‍ ലെബനനില്‍ നടത്തിയ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 569 ആയി ഉയര്‍ന്നിട്ടുണ്ട്. ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം ഖുബെസിയുടെ മരണത്തിനുള്ള പ്രതികാരമായി ഹിസ്ബുള്ളടെല്‍ അവീവ് ആസ്ഥാനമായുള്ള മൊസാദിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചിരുന്നു.

എന്നാല്‍ ആക്രമണത്തില്‍ നാശനഷ്ടമോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Content Highlight: Killing Hezbollah commanders will not bring them to their knees says Ayatollah Ali Khamenei

We use cookies to give you the best possible experience. Learn more