| Monday, 26th December 2022, 12:41 pm

ഹിന്ദു ദൈവങ്ങള്‍ അക്രമാസക്തര്‍, രാജ്യത്തിന്റെയും മതത്തിന്റെയും പേരിലുള്ള കൊലപാതകങ്ങള്‍ ന്യായീകരിക്കാവുന്നതാണ്; വിവാദ പ്രസ്താവനയുമായി കാളീചരണ്‍ മഹാരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങളെ ന്യായീകരിച്ച് സ്വയം പ്രഖ്യാപിത ആള്‍ ദൈവം കാളീചരണ്‍ മഹാരാജ്. ഹിന്ദു ദൈവങ്ങളും ദേവതകളും അക്രമാസക്തരാണെന്നും, ആയതിനാല്‍ രാജ്യത്തിന്റെയും മതത്തിന്റെയും പേരിലുള്ള കൊലപാതകം ന്യായീകരിക്കപ്പെടാവുന്നതാണെന്ന് കാളീചരണ്‍ മഹാരാജ് പറഞ്ഞു.

മഹാരാഷ്ട്രയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ആത്മീയ നോതാവിന്റെ വിവാദ പരാമര്‍ശം.

‘ഹിന്ദു ദൈവങ്ങളും ദേവതകളും നമുക്കുവേണ്ടി പോരാടിയിരുന്നില്ലെങ്കില്‍ നമ്മള്‍ അവരെ ആരാധിക്കില്ലായിരുന്നു,’ എന്നും കാളീചരണ്‍ പരിപാടിക്കിടെ പറഞ്ഞു.

നേരത്തെയും വിവാദ പരാമര്‍ശങ്ങളിലൂടെ കാളീചരണ്‍ മഹാരാജ് കുപ്രസിദ്ധി നേടിയിരുന്നു. ദല്‍ഹിയിലെ ശ്രദ്ധ വാക്കര്‍ കൊലപാതകവുമായി ബന്ധപ്പെട്ടും ഇയാള്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു.

മഹാത്മാ ഗാന്ധിയെക്കുറിച്ച് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് 2021 ഡിസംബറില്‍ കാളീരാജ് അറസ്റ്റിലായി. എന്നാല്‍ പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

റായ്പൂരില്‍ നടന്ന ധര്‍മ സന്‍സദില്‍ (മത പാര്‍ലമെന്റ്) ഗാന്ധിയെ അധിക്ഷേപിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുകയും മതത്തെ സംരക്ഷിക്കാന്‍ ശക്തനായ ഒരു ഹിന്ദു നേതാവിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയുമായിരുന്നു കാളീചരണ്‍.

രാഷ്ട്രീയത്തിലൂടെ രാഷ്ട്രം പിടിക്കുക എന്നതാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. 1947ല്‍ (വിഭജനത്തെ പരാമര്‍ശിച്ച്) അവര്‍ ഇന്ത്യയുടെ പല ഭാഗങ്ങളും പിടിച്ചെടുത്തു. അതെല്ലാം നമ്മുടെ കണ്‍മുന്നിലുള്ള സത്യമാണ്. അവര്‍ നേരത്തെ ഇറാനും ഇറാഖും അഫ്ഗാനിസ്ഥാനും പിടിച്ചടക്കിയിരുന്നു. കൂടാതെ തെറ്റായ രാഷ്ട്രീയം നടത്തി ബംഗ്ലാദേശും പാകിസ്ഥാനും പിടിച്ചെടുത്തു. ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഗോഡ്‌സെ യഥാര്‍ത്ഥത്തില്‍ മഹാത്മാവാണ്,’ എന്നാണ് കാളിചരണ്‍ മഹാരാജ് പറഞ്ഞത്.

ആരാണ് കാളീചരണ്‍ മഹാരാജ്?

1973ല്‍ മഹാരാഷ്ട്രയിലെ അകോലയില്‍ ജനിച്ച അഭിജിത്ത് ധനഞ്ജയ് സരഗ് എന്ന കാളിചരണ്‍ മഹാരാജ് സ്വയം പ്രഖ്യാപിത ആത്മീയ നേതാവാണ്. പഠിക്കാന്‍ താത്പര്യമില്ലാതിരുന്ന കാളിചരണ്‍ എട്ടാം ക്ലാസ്സ് വരെയാണ് പഠിച്ചത്. തുടര്‍ന്ന് സ്‌കൂള്‍ പഠനം മുടങ്ങിയ സരഗിനെ മാതാപിതാക്കള്‍ ഇന്‍ഡോറിലേക്ക് അയച്ചു.

ഇവിടെ നിന്നാണ് കാളീചരണ്‍ മഹാരാജ് ഹിന്ദി പഠിച്ചത്. കൂടാതെ, സന്ത് ഭയ്യൂജി മഹാരാജിന്റെ ആശ്രമത്തിലേക്ക് പോകുകയും അവിടെയുള്ള ജോലി ചെയ്യാനും തുടങ്ങി. മാത്രമല്ല സന്ത് ഭയ്യൂജിയിയുടെ ശിഷ്യഗണങ്ങളിലൊരാളാകാന്‍ ഈ കാലയളവില്‍ കാളീചരണിന് സാധിച്ചു. ഇവിടെ വെച്ചാണ് കാളീചരണ്‍ മഹാരാജ് എന്ന പേര് സ്വീകരിച്ചത്.

കാളീചരണിന്റെ വസ്ത്രവും മേക്കപ്പുമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രൂപം എല്ലായ്പ്പോഴും ചര്‍ച്ചകള്‍ക്ക് കാരണമാകാറുണ്ട്. ചുവന്ന വസ്ത്രം ധരിച്ച് നെറ്റിയില്‍ ചുവന്ന വട്ടപൊട്ട് തൊട്ടിട്ടാണ് കാളീചരണ്‍ മഹാരാജ് തന്റെ വിശ്വാസികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ളത്.

Content Highlight: Killing for country, religion condoned; Controversial statement of Kalicharan Maharaj

We use cookies to give you the best possible experience. Learn more