| Monday, 26th August 2019, 6:55 pm

'ഞങ്ങള്‍ ഭയപ്പെട്ട് കഴിയുകയാണ്, മക്കളുടെ സുരക്ഷയില്‍ ആശങ്കയുണ്ട്'; ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മീററ്റ്: തന്റെ മക്കളുടെ ജീവന് സുരക്ഷ വേണമെന്ന അഭ്യര്‍ത്ഥനയുമായി ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് ഇവര്‍ സുരക്ഷ ആവശ്യപ്പെട്ടത്.

ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഭാര്യ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥന നടത്തിയത്.

‘ഞങ്ങള്‍ ഭയപ്പെട്ട് കഴിയുകയാണ്. എന്റെ മക്കളുടെ സുരക്ഷയില്‍ ആശങ്കയുണ്ട്. പ്രതികള്‍ ജയിലില്‍നിന്ന് ഇറങ്ങിയ സാഹചര്യത്തില്‍ അവരുടെ സുരക്ഷ ഉറപ്പാക്കണം’ -സുബോധ് കുമാര്‍ സിങ്ങിന്റെ ഭാര്യ അഭ്യര്‍ഥിച്ചു.

ഭര്‍ത്താവിനെ കൊന്ന പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അവര്‍ യോഗിയോട് ആവശ്യപ്പെട്ടു.

ജാമ്യത്തില്‍ പുറത്തുവന്ന പ്രതികളെ ജയിലിന് മുന്നില്‍ മാലയിട്ട് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രതികളായ ഏഴുപേരാണ് ജാമ്യത്തിലിറങ്ങിയത്. മുഖ്യപ്രതികളായ ശിഖര്‍ അഗര്‍വാള്‍, ജീതു ഫോജി തുടങ്ങിയവരെയാണ് മാലയിട്ട് ആള്‍ക്കൂട്ടം സ്വീകരിച്ചത്.

25 പശുക്കളുടെ ശവം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 2018 ഡിസംബര്‍ മൂന്നിനു ബുലന്ദ്ഷഹറില്‍ കലാപം തുടങ്ങിയത്. ഗോവധം ആരോപിച്ച് ഹിന്ദുത്വ സംഘടനകളാണ് സംഘര്‍ഷത്തിനു തുടക്കമിട്ടത്. കലാപത്തിനിടെ തോക്കുകള്‍ ഉപയോഗിച്ചുവരെ അക്രമികള്‍ തെരുവിലിറങ്ങിയിരുന്നു.

ഗോവധം ആരോപിച്ച് ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷാണ് പൊലീസില്‍ വ്യാജ പരാതി നല്‍കിയത്. പിന്നീട് പരാതിയില്‍ അന്വേഷണം നടത്താനെത്തിയ സുബോധ് കുമാറുമായി യോഗേഷ് വാക്ക് തര്‍ക്കത്തിലായി.

തുടര്‍ന്നുണ്ടായ അക്രമത്തില്‍ സുബോധ് കുമാറിന്റെ തന്നെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് മറ്റൊരു പ്രതിയായ പ്രശാന്ത് നട്ട് അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

We use cookies to give you the best possible experience. Learn more