കൊലയാളികള്‍ ഇപ്പോഴും സ്വതന്ത്രര്‍; കല്‍ബുര്‍ഗി കൊലക്കേസ് അട്ടിമറിക്കപ്പെട്ടതെങ്ങനെ ?
Daily News
കൊലയാളികള്‍ ഇപ്പോഴും സ്വതന്ത്രര്‍; കല്‍ബുര്‍ഗി കൊലക്കേസ് അട്ടിമറിക്കപ്പെട്ടതെങ്ങനെ ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th September 2017, 6:59 pm

രണ്ടു വര്‍ഷത്തിനിപ്പുറവും കല്‍ബര്‍ഗിയുടെ കൊലയാളികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഗൗരി ലങ്കേഷ് കൊലപാതകത്തെയും അത്തരത്തില്‍ പൊലീസ് ഒതുക്കിക്കളയുമോ എന്ന സംശയവും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.


 

മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കഴിഞ്ഞ ഏതാനും ആഴ്ചകളായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. എങ്കിലും കാര്യമായ പുരോഗതിയൊന്നും കേസില്‍ ഉണ്ടായിട്ടില്ല.

മാത്രമല്ല രണ്ട് വര്‍ഷം മുന്‍പുള്ള കല്‍ബുര്‍ഗി കൊലപാതകകേസില്‍ പൊലീസ് വിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍ ഗൗരി ലങ്കേഷ് കൊലക്കേസ് അന്വേഷണത്തിലെ വേഗതയില്ലായ്മ പ്രത്യേക അന്വേഷണത്തിന് മേല്‍ വലിയ സമ്മര്‍ദ്ദവും ചെലുത്തുന്നുമുണ്ട്.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്(സി.ഐ.ഡി) നായിരുന്നു കല്‍ബുര്‍ഗി കൊലപാതകത്തിന്റെ അന്വേഷണ ചുമതല 2015 മുതല്‍ അവര്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുയാണെങ്കിലും കേസില്‍ യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.

രണ്ടു വര്‍ഷത്തിനിപ്പുറവും കല്‍ബര്‍ഗിയുടെ കൊലയാളികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഗൗരി ലങ്കേഷ് കൊലപാതകത്തെയും അത്തരത്തില്‍ പൊലീസ് ഒതുക്കിക്കളയുമോ എന്ന സംശയവും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.

എവിടെയാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് വഴിമുട്ടിയത്?

ഉമാ ദേവി, കല്‍ബുര്‍ഗിയുടെ ഭാര്യ

ക്രൈം 

2015 ആഗസ്ത് 30 ന് ധാര്‍വാദ് കല്യാണ്‍ നഗറിലുള്ള കല്‍ബുര്‍ഗിയുടെ വീടിന് മുന്‍പില്‍ വിദ്യാര്‍ത്ഥികളെന്നു തോന്നുന്ന രണ്ടുപേര്‍ എത്തുന്നു. വാതില്‍മുട്ടുന്നതുകേട്ട് സന്ദര്‍ശകരോ കല്‍ബുര്‍ഗിയുടെ പരിചയക്കാരോ ആണെന്ന് ധരിച്ച അദ്ദേഹത്തിന്റെ ഭാര്യ വാതില്‍തുറക്കുന്നു.

അകത്ത് കയറിയ അതിഥികള്‍ക്ക് ചായ എടുക്കാനായി അവര്‍ പോകുന്നു. എന്നാല്‍ കല്‍ബുര്‍ഗിക്കടുത്തേക്ക് നടന്നുനീങ്ങിയ അവര്‍ വളരെ അടുത്ത് നിന്ന് അദ്ദേഹത്തിന് നേരെ നിറയൊഴിക്കുന്നു.

സിസി ടിവി ദൃശ്യങ്ങളും രേഖാചിത്രവും

അന്വേഷണത്തിനിടെ പൊലീസ് സംഭവസ്ഥലത്തെ സിസി ടിവി രംഗങ്ങളും മറ്റും ശേഖരിച്ചു. എങ്കിലും ആ ദൃശ്യങ്ങളൊന്നും വ്യക്തതയില്ലാത്തതായിരുന്നു. കല്‍ബുര്‍ഗിയെ വെടിവെച്ച ശേഷം രണ്ട് പേര്‍ മോട്ടോര്‍സൈക്കിളില്‍ ഓടികയറി രക്ഷപ്പെടുന്നതായിരുന്നു ദൃശ്യങ്ങളില്‍ ഉള്ളത്.

മൂന്നാമത്തെയാള്‍ക്ക് ഇവര്‍ ചില സിഗ്‌നലുകള്‍ കൊടുക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച തെളിവുകളും കല്‍ബുര്‍ഗിയുടെ ഭാര്യയുടെ മൊഴിയും അടിസ്ഥാനപ്പെടുത്തി പൊലീസ് പ്രതികളുടേതെന്ന് കരുതുന്ന രണ്ട് പേരുടെ രേഖാചിത്രം തയ്യാറാക്കി. ആ രേഖാചിത്രം മുന്‍നിര്‍ത്തി പൊലീസ് അന്വേഷണവും ആരംഭിച്ചു.

 

 

രണ്ട് പേരെ ചോദ്യം ചെയ്തു, ഒരാള്‍ കൊല്ലപ്പെട്ടു

കൊലപാതകത്തിന് പിന്നാലെ കല്‍ബുര്‍ഗിക്കെതിരായി പോസ്റ്റിട്ട രണ്ട് പേരെ സി.ഐ.ഡി സംഘം അറസ്റ്റ് ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലില്‍ കൊലപാതകത്തില്‍ നേരിട്ടോ അല്ലാതെയോ ഇവര്‍ക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമായതോടെ ഇവരെ വിട്ടയച്ചു.

2015 നവംബറില്‍ രേഖാചിത്രം പരസ്യമാക്കിയതിന് പിന്നാലെ ബെലാഗവി എന്ന സ്ഥലത്ത് രേഖാചിത്രവുമായി ഏതാണ്ട് സാമ്യമുള്ള വ്യക്തിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എന്നാല്‍ അന്വേഷണം നടത്തിയതില്‍ നിന്നും അദ്ദേഹത്തിന് കൊലപാതവുമായി ബന്ധമുണ്ടെന്നതിന്റെ സൂചനയൊന്നും പൊലീസിന് ലഭിച്ചില്ല. മാത്രമല്ല കുടുംബതര്‍ക്കം മൂലം ഇയാളെ കൊലപ്പെടുത്തിയത് ബന്ധുവാണെന്ന് കൂടി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

അന്വേഷണത്തിലെ ആദ്യ കണ്ടെത്തല്‍

2009 ല്‍ ഗോവയില്‍ ബോംബ് സ്ഫോടനക്കേസുകളിലെ പ്രതിയും സനാതന്‍ സന്‍സ്തയിലെ അംഗവുമായ രുദ്രാ പാട്ടീലിന് കല്‍ബുര്‍ഗി വധക്കേസ് പ്രതിയുടേതെന്ന് കരുതുന്നയാളുടെ രേഖാചിത്രവുമായി സാദൃശ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതായിയിരുന്നു അന്വേഷണത്തിലെ ആദ്യത്തെ വഴിത്തിരിവ്.

ഈ രീതിയില്‍ അന്വേഷണം പുരോഗമിക്കവേ രുദ്രാപാട്ടീല്‍ ഒളിവില്‍ പോയി. ഇയാളുമായി ബന്ധമുള്ളവരെ കുറിച്ചുള്ള അന്വേഷണത്തില്‍ സനാതന്‍ സന്‍സ്തയിലെ സമീര്‍ ഗോവിന്ദിന് രുദ്രാ പാട്ടീലുമായി ബന്ധമുണ്ടെന്ന് പൊലീസിന് തെളിവ് ലഭിച്ചു. ഗെയ്ക് വാദിനായി തിരച്ചില്‍ തുടരവേ തന്നെ ഗോവിന്ദ് പന്‍സാരെ കേസുമായി ബന്ധപ്പെട്ട് ഇയാളെ മഹാരാഷ്ട്ര എസ്.ഐ.ടി അറസ്റ്റ് ചെയ്തു. അതുകൊണ്ട് തന്നെ ഇയാളെ ചോദ്യം ചെയ്യാന്‍ സി.ഐ.ഡി സംഘത്തിന് അല്‍പം കാത്തിരിക്കേണ്ടി വന്നു.

ഇടത്ത്: പ്രതിയുടെ രേഖാചിത്രം; വലത്ത്: രുദ്രപാട്ടീല്‍

എന്നാല്‍ കല്‍ബുഗി വധത്തിലോ ഗൂഢാലോചനയിലോ പങ്കില്ലെന്ന ഇയാളുടെ മൊഴി പുറത്തുവന്നതോടെ കൂടുതല്‍ ചോദ്യം ചെയ്യലിനും സി.ഐ.ഡി സംഘത്തിന് അവസരം ലഭിച്ചില്ല. രുദ്രാപാട്ടീലിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമ്പോഴും മറ്റൊരു കോണിലൂടെയും സംഘം അന്വേഷണം നടത്തുന്നുണ്ടായിരുന്നു. എന്നിരുന്നാലും അന്വേഷണം ഒരുതരത്തില്‍ അവിടെ വഴിമുട്ടുകയായിരുന്നു.

കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം: മുഖ്യമന്ത്രി

കല്‍ബുര്‍ഗിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തിന്റെ തലേദിവസം കല്‍ബുര്‍ഗി വധക്കേസ് വഴിതിരിച്ചുവിടാനുള്ള ചില ശ്രമങ്ങള്‍ നടത്തുന്നതായി കര്‍ണാടക സര്‍ക്കാര്‍ ഒരു പ്രസ്താവന ഇറക്കി.

“”മഹാരാഷ്ട്രയിലെ അന്വേഷണ സംഘവും കര്‍ണാടകത്തിലെ അന്വേഷണ സംഘവും തമ്മിലുള്ള സഹകരണം വര്‍ധിപ്പിച്ചുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൂടുതല്‍ പരിശോധിക്കാന്‍ കര്‍ണാടക പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

അന്വേഷണ സംഘം കുറ്റം തെളിയിക്കുന്നതിന്റെ അടുത്തെത്തിയിട്ടുണ്ട്. ഉചിതമായ നടപടികള്‍ തന്നെ പ്രതീക്ഷിക്കാമെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു”” എന്നുമായിരുന്നു ആഗസറ്റ് മാസത്തില്‍ സിദ്ധരാമയ്യ പറഞ്ഞത്.

എന്നാല്‍, കല്‍ബുര്‍ഗിയുടെ കൊലപാതകികള്‍ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുന്ന ഈ ഘട്ടത്തില്‍ ഗൗരി ലങ്കേഷിന്റെ കൊലപാതക കേസിലെ അട്ടിമറി സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്ന് വേണം അനുമാനിക്കാന്‍

കടപ്പാട്: ദ ക്വിന്റ്

മൊഴിമാറ്റം: ആര്യ