| Sunday, 21st January 2024, 9:25 pm

'കില്ലര്‍ സൂപ്പ്' സീരീസിന്റെ പേരില്‍ ട്രേഡ് മാര്‍ക്ക് ലംഘനത്തിന് കേസ് ഫയല്‍ ചെയ്ത് കില്ലര്‍ ജീന്‍സ് നിര്‍മാതാക്കള്‍; നെറ്റ്ഫ്‌ളിക്‌സിനെതിരെയും നോട്ടീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘കില്ലര്‍ സൂപ്പ്’ എന്ന വെബ് സീരീസിന്റെ നിര്‍മാതാക്കള്‍ക്കെതിരെ ട്രേഡ് മാര്‍ക്ക് ലംഘനത്തിന് കേസ് ഫയല്‍ ചെയ്ത് കില്ലര്‍ ജീന്‍സ് നിര്‍മാതാക്കളായ കെ.കെ.സി.എല്‍ (കേവല്‍ കിരണ്‍ ക്ലോത്തിങ്ങ് ലിമിറ്റഡ്).

സീരീസിന്റെ പേരില്‍ അനുമതിയില്ലാതെ ‘കില്ലര്‍’ എന്ന വാക്ക് ഉപയോഗിച്ചതിനാണ് നിര്‍മാതാക്കള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്.

സീരീസിന്റെ പേരില്‍ തങ്ങളുടെ ക്ലോത്തിങ്ങ് ലിമിറ്റഡിന്റെ ട്രേഡ് മാര്‍ക്കായ ‘കില്ലര്‍’ എന്ന വാക്ക് ഉപയോഗിച്ചതിന് കില്ലര്‍ ജീന്‍സ് ബോംബെ ഹൈക്കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്യുകയും നഷ്ടപരിഹാരമായി പത്ത് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു.

നെറ്റ്ഫ്‌ളിക്‌സിന് എതിരെയും സീരീസിന്റെ പ്രൊഡക്ഷന്‍ കമ്പനിക്ക് എതിരെയും കേവല്‍ കിരണ്‍ ക്ലോത്തിങ്ങ് ലിമിറ്റഡ് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒപ്പം സീരീസിന്റെ പേരില്‍ നിന്ന് കില്ലര്‍ എന്ന വാക്ക് എടുത്തുമാറ്റാനും ക്ലോത്തിങ്ങ് ലിമിറ്റഡ് ആവശ്യപ്പെട്ടു.

നെറ്റ്ഫ്‌ളിക്‌സിനോടും സീരീസിന്റെ പ്രൊഡക്ഷന്‍ കമ്പനിയോടും ട്രേഡ് മാര്‍ക്ക് ലംഘനത്തിന് കെ.കെ.സി.എല്ലിനോട് മാപ്പ് പറയാനും ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

അഭിഷേക് ചൗബെ സംവിധാനം ചെയ്ത് കൊങ്കണ സെന്‍ ശര്‍മയും മനോജ് ബാജ്പേയിയും ഒന്നിച്ച ഏറ്റവും പുതിയ സീരീസാണ് കില്ലര്‍ സൂപ്പ്. ഈ ബ്ലാക്ക് കോമഡി ക്രൈം ത്രില്ലര്‍ സീരീസ് 2024 ജനുവരി 11നായിരുന്നു നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്.

2017ലെ തെലങ്കാനയിലെ ഒരു കേസിനെ അടിസ്ഥാനമാക്കിയാണ് സീരീസിന്റെ കഥ. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും റിലീസ് ചെയ്ത സീരീസില്‍ മനോജ് ബാജ്പേയിക്കും കൊങ്കണ സെന്‍ ശര്‍മക്കും പുറമെ നാസര്‍, സയാജി ഷിന്‍ഡെ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Content Highlight: Killer Jeans Clothing Limited File Trademark Infringement Case Over ‘Killer Soup’ Series; Notice against Netflix as well

We use cookies to give you the best possible experience. Learn more