ന്യൂദല്‍ഹി: എസ്.സി.എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയതിനെതിരെ ദളിത് സംഘടനകള്‍ നടത്തുന്ന ഭാരത ബന്ദിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ മരണം ആറായി. മധ്യപ്രദേശില്‍ അഞ്ചും രാജസ്ഥാനില്‍ ഒന്നുമാണ് മരണം. സംഘര്‍ഷം വ്യാപിച്ചതോടെ 800 പേരടങ്ങുന്ന കേന്ദ്രസേനയെക്കൂടെ ഉത്തര്‍ പ്രദേശിലേക്കും മധ്യപ്രദേശിലേക്കും അയച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ പലയിടങ്ങളിലായി സംഘര്‍ഷം തുടരുകയാണ്.
സമരക്കാരെ പൊലീസ് വളഞ്ഞ് അക്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ സമരക്കാര്‍ സാമൂഹ്യ വിരുദ്ധരാണെന്നും അവര്‍ക്കെതിരെ കേസെടുത്ത് വരികയാണെന്നും മീററ്റ് എസ്.എസ്.പി മന്‍സില്‍ സൈനി പറഞ്ഞു. ഇരുന്നൂറോളം പേരെ മീററ്റില്‍ കസ്റ്റഡിയിലെടുത്തതായും അവര്‍ അറിയിച്ചു.
ബിഹാറിലും ഒഡീഷയിലും പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്ക് ഉപരോധിച്ചു. വിവിധ ദലിത് സംഘടനകള്‍ക്കൊപ്പം സി.പി.ഐ.എം.എല്‍ പ്രവര്‍ത്തകരും ബിഹാറില്‍ പ്രതിഷേധത്തിനിറങ്ങി. ഉത്തര്‍പ്രദേശില്‍ ഹൈവേ അടക്കം പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ആഗ്രയില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. കടകള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു.
ഗുജറാത്തില്‍ അഹമ്മദാബാദിലും പ്രതിഷേധത്തിനിടെ അക്രമം ഉണ്ടായി. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. രാജസ്ഥാനിലെ ബാര്‍മറില്‍ പ്രതിഷേധക്കാര്‍ കാറുകള്‍ക്കും വീടുകള്‍ക്കും തീയിട്ടു. അതേസമയം, കോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കാനിരിക്കെ എന്തിനാണു ഭാരത് ബന്ദ് നടത്തുന്നതെന്നു കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ ചോദിച്ചു.
പഞ്ചാബില്‍ മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ പൊതുഗതാഗതം റദ്ദാക്കി. സി.ബി.എസ്.ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. ഏറ്റവും കൂടുതല്‍ ദളിതര്‍ ഉളള പഞ്ചാബില്‍ കനത്ത ജാഗ്രതയിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ വൈകിട്ട് മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇന്നും നിരോധനം ഉണ്ടായിരിക്കുമെന്നാണ് സൂചന. സൈന്യവും പാരമിലിറ്ററി ഫോഴ്സും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
പട്ടികജാതി-പട്ടികവര്‍ഗ (പീഡനം തടയല്‍) നിയമപ്രകാരം ഉടനെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുളള സുപ്രീം കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ദളിത് സംഘടനകള്‍ ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. സമരത്തിന് കോണ്‍ഗ്രസ്, സി.പി.ഐ, ഇടത് യൂണിയനുകള്‍, ജനതാദള്‍ തുടങ്ങിയ കക്ഷികളുടെ പിന്തുണയുണ്ട്.