| Monday, 4th February 2013, 9:53 am

കിളിരൂര്‍ കേസ്:വി.ഐ.പി ബന്ധം അന്വേഷിക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കിളിരൂര്‍ പീഡന കേസില്‍ ശാരി എസ് നായരുടെ മരണത്തില്‍ വി.ഐ.പി ബന്ധം അന്വേഷിക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് സുരേന്ദ്രകുമാര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് അടുത്തമാസം സുപ്രീം കോടതിയില്‍ ഹരജി നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.[]

കേസിനെ കുറിച്ച് സി.ബി.ഐ അന്വേഷിക്കുന്നത്  പീഡനത്തെകുറിച്ച് മാത്രമാണെന്നും ദുരൂഹ മരണം സംബന്ധിച്ച്  അന്വേഷണത്തിന്റെ പരിധിയില്‍ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശാരിയുടെ ദുരൂഹ മരണം പ്രത്യേകമായി അന്വേഷിക്കണമെന്നും അല്ലെങ്കില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് ശാരിയുടെ പിതാവിന്റെ ആവശ്യം. ഇതിനാണ് സുപ്രീംകോടതിയെ സമീപിക്കതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ശാരിയുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ മാറി മാറി വന്ന സര്‍ക്കാറുകള്‍ നിസംഗത കാണിച്ചെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വി.എസ് അച്യുതാനന്ദന്‍ കേസില്‍ ആത്മാര്‍ത്ഥയില്ലാത്ത മനോഭാവം കാണിച്ചത് വേദനിപ്പിച്ചെന്നും സുരേന്ദ്രകുമാര്‍ ചൂണ്ടികാട്ടി. കൂടാതെ  അച്യുതാനന്ദന്‍ ചാനലുകളില്‍ പീഡനകേസിനെ കുറിച്ച് പ്രതികരിക്കുമ്പോള്‍ വേദന തോന്നാറുണ്ടെന്നും അയാള്‍ പറഞ്ഞു.

മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍  ഉന്നതതല ഇടപെടല്‍ ഉണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

സീരിയലില്‍ അഭിനയിക്കാന്‍ വാഗ്ദാനം നല്‍കി ശാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. 2003 മുതല്‍ ഒരു വര്‍ഷത്തോളമാണ് പീഡനം നടന്നത്. ഗര്‍ഭിണിയായ ശാരി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ഒടുവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരണപ്പെടുകയുമായിരുന്നു. ഏഴ് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏഴാം പ്രതി സോമനെ തെളിവിന്റെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു.

We use cookies to give you the best possible experience. Learn more