കിളിനക്കോട്ടെ സദാചാര പൊലീസിംഗ്; യൂത്ത് ലീഗ് നേതാവടക്കം ആറ് പേര്‍ക്കെതിരെ കേസ്
Vigilantism
കിളിനക്കോട്ടെ സദാചാര പൊലീസിംഗ്; യൂത്ത് ലീഗ് നേതാവടക്കം ആറ് പേര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th December 2018, 7:49 pm

മലപ്പുറം: സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സദാചാര പൊലിസ് ചമയുകയും സമൂഹമാധ്യങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ യൂത്ത് ലീഗ് നേതാവടക്കം ആറ് പേര്‍ക്കെതിരെ കേസ്. കേസില്‍ ഒന്നാം പ്രതി കണ്ണമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മേമാട്ടുപാറയിലെ പുള്ളാട്ട് ഷംസുവാണ്.

ഷംസുവടക്കം ആറ് പേര്‍ക്കെതിരെ വേങ്ങര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 143, 147, 506, 149 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്. കിളിനക്കോട് സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്നെത്തിയ പെണ്‍കുട്ടികള്‍.

ALSO READ: പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിന്ന് വെളിച്ചമെത്താത്ത നാടാണ് ‘കിളിനാക്കോടെന്ന്’ പെണ്‍കുട്ടികളുടെ ലൈവ്; പിന്നാലെ സൈബര്‍ ആക്രമണവും പൊലീസ് കേസും

കല്ല്യാണവീട്ടില്‍വെച്ച് സുഹൃത്തുക്കളായ യുവാക്കള്‍ക്കൊപ്പം മുസ്ലിം പെണ്‍കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതുകണ്ട നാട്ടുകാരാണ് പെണ്‍കുട്ടികളെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങിപ്പോന്ന പെണ്‍കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഈ വിഡിയോ പ്രചരിച്ചതോടെ ഫേസ്ബുക്ക് ലൈവിലൂടെ നാടിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്. പെണ്‍കുട്ടികള്‍ നടത്തിയ ഫെയ്സ്ബുക്ക് ലൈവില്‍ നാടിനെയും നാട്ടിലെ യുവാക്കളേയും അധിക്ഷേപിച്ചു സംസാരിച്ചുവെന്നായിരുന്നു ഏതാനും യുവാക്കള്‍ ഫേസ്ബുക്ക് ലൈവിലെത്തി ആരോപിച്ചത്.


ഇവിടെ നിന്ന് ഞങ്ങള്‍ക്ക് ഒരുപാട് മാനസിക പീഡനം സഹിക്കേണ്ടിവന്നു. ഇവരൊക്കെ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. കിളിനക്കോട് വരുന്നവരൊക്കെ കൈയ്യില്‍ ഒരു എമര്‍ജന്‍സി കരുതുക. ഇവിടെ കുറച്ച് വെളിച്ചം എത്തിക്കാനുണ്ട്. പരമാവധി ആരും ഇവിടെ കല്ല്യാണം കഴിച്ച് വരാതിരിക്കുക” എന്ന ഉപദേശത്തോടു കൂടിയായിരുന്നു പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് ലൈവ്.